165 രാഷ്ട്രങ്ങളില്‍ നിന്നായെത്തിയ 10 ലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്ന ഹജ്ജിന്റെ കര്‍മ ഭൂമിയില്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഹാജിമാരുടെ മനം കവര്‍ന്നു. അറഫ സംഗമത്തില്‍ നിന്ന് ഭക്ഷണ വിതരണത്തോടെ ആരംഭിച്ച സേവനം പിന്നീട് മുസ്തലിഫയിലും മിനയിലും കേന്ദ്രീകരിച്ചു. വഴി തെറ്റുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കൊടുക്കാനാണ് വളണ്ടിയര്‍ കോറിലെ ഏറ്റവും കൂടുതല്‍ കേഡറ്റുകളെ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി കെ.എം. സി.സി മിനയിലെ റോഡുകളും പാലങ്ങളും ടെന്റുകളും ആശുപത്രികളും പ്രത്യേകം അടയാളപ്പെടുത്തിയ മിന മേപ്പ് തന്നെ തയാറാക്കിയിട്ടുണ്ട്. വീല്‍ ചെയറുകളുമായി കെ.എം.സി. സി വീല്‍ചെയര്‍ വിംഗിലെ സേവകര്‍ പ്രായം ചെന്നവരും രോഗികളുമായ ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിച്ചു. കൊടും ചൂടില്‍ പ്രയാസപ്പെടുന്ന ഹാജിമാര്‍ക്ക് ആശ്വാസം പകരാന്‍ വാട്ടര്‍ പമ്പുകളുമായി നൂറിലധികം വളണ്ടിയര്‍മാര്‍ മിനയുടെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.
മലയാളി ഹാജിമാര്‍ക്കായുള്ള കഞ്ഞി വിതരണം 10,16 ടെന്റുകള്‍ കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. ഈ രണ്ടു ടെന്റുകളില്‍ മാത്രമായി ഏകദേശം 12000 ഹാജിമാര്‍ താമസിച്ചിരുന്നു. മുഹറമില്ലാതെ ഹജിനെത്തിയ 1508 ഇന്ത്യന്‍ സ്ത്രീകളെ കല്ലേറ് നിര്‍വഹിക്കാന്‍ ജംറകളിലേക്ക് കൊണ്ട് പോവുന്നതും തിരിച്ച് ടെന്റുകളിലെത്തിക്കുന്നതും കെ.എം.സി.സിയാണ്. ഹജ് സേവന രംഗത്തുള്ള സഊദി മിലിറ്ററി, പോലീസ് സേന, ആര്‍ദ്ധസൈനിക വിഭാഗവുമായൊക്കെ സഹകരിച്ചാണ് കൂടാര നഗരിയില്‍ കെ.എം. സി.സി സേവനം ചെയ്തത്. ഇന്ത്യന്‍ ദേശീയ പതാക ഉല്ലേഖനം ചെയ്ത ഇളംപച്ച ജാക്കറ്റും കെ.എം.സി.സിയുടെ പച്ച തൊപ്പിയുമണിഞ്ഞ് വളണ്ടിയര്‍മാര്‍ ലോക രാഷ്ടങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ മുമ്പില്‍ ഇന്ത്യയുടെ മഹത്തായ സഹവര്‍ത്തിത്വത്തിന്റെ സന്ദേശമായി മാറി. ഹജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്, ചീഫ് കോഡിനേറ്റര്‍ അബൂബക്കര്‍ അരിമ്പ്ര, മക്ക കെ.എം. സി.സി.പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഹജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ വി.പി മുസ്തഫ, സി.കെ റസാഖ് മാസ്റ്റര്‍, വി.പി അബ്ദുറഹ്മാന്‍, ഇസ്മാഈല്‍ മുണ്ടക്കുളം, എ.കെ മുഹമ്മദ് ബാവ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം, നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഞാറക്കോടന്‍, മക്ക കെ.എം.സി. സി ഭാരവാഹികളായ സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാര എന്നിവരുടെ നേതൃത്വത്തിലാണ് കെ.എം.സി.സി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.