X

സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി മൂന്ന് കോടിയുടെ ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത്

മുറാസില്‍

റിയാദ്: ആയിരക്കണക്കിന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍ വിരിച്ച സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലുള്ള 2021 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം കോട്ടക്കുന്നില്‍ ഭാഷ സ്മാരക ഹാളില്‍ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും.
മരിച്ച അമ്പത് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള വിഹിതമടങ്ങുന്ന ചെക്ക് ഇവര്‍ നേരത്തെ അംഗത്വമെടുത്തിരുന്ന വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ നാട്ടിലുള്ള ഭാരവാഹികള്‍ക്ക് കൈമാറുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ മുസ്ലിംലീഗ് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വിതരണം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും സഊദി കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ മുസ്ലിംലീഗ് നേതാക്കളയായ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എം എല്‍ എ , ഇ ടി മുഹമ്മദ്ബഷീര്‍ എം.പി, പി വി അബ്ദുല്‍ വഹാബ് എം.പി , കെ.പി.എ മജീദ് എം എല്‍ എ , എം കെ മുനീര്‍ എം എല്‍ എ , പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ഹാജി, അബ്ദുല്‍റഹ്മാന്‍ കല്ലായി, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ, കെ എം ഷാജി , സി പി ചെറിയ മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, ഷാഫി ചാലിയം , പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ്, സി പി സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും.

കോവിഡ് ബാധിച്ച് മരണപ്പെട്ട പതിമൂന്ന് പേരടക്കം ഇക്കൊല്ലം സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പത് പേരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യ വിതരണമാണ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ വെച്ച് മലപ്പുറത്ത് നടക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. ആദ്യ വര്‍ഷം അംഗങ്ങളായവര്‍ക്ക് മൂന്ന് ലക്ഷവും, രണ്ട് മുതല്‍ ഏഴ് വര്ഷം വരെയായവര്‍ക്ക് ആറ് ലക്ഷവും എല്ലാവര്‍ഷവും അംഗങ്ങളായവര്‍ക്ക് പത്ത് ലക്ഷവുമാണ് മരണാനന്തര ആനുകൂല്യങ്ങളായി വിതരണം ചെയ്യുക. പദ്ധതി കാലയളവില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി ഇരുപത്തി അഞ്ച് പേര്‍ക്കുള്ള അംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും വിതരണം ചെയ്യും.

പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലയളവിലും ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഊദി കെ.എം.സി.സിയുടെ മേല്‍നോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലാണ് സുരക്ഷാപദ്ധതിയുടെ വിജയകരമായ എട്ട് വര്‍ഷത്തെ പ്രയാണം. എട്ട് വര്‍ഷത്തിനിടയില്‍ ഈ പദ്ധതിയില്‍ അംഗങ്ങളായ 357 പേരാണ് വിടപറഞ്ഞത്. 1139 പേര്‍ക്ക് ഇതിനകം ചികിത്സാ സഹായവും നല്‍കി. ഇക്കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ മുപ്പതോളം കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് ട്രസ്റ്റ് വഴി ഇക്കാലയളവില്‍ നല്‍കിയത്.

സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കഠിനാധ്വാനം ചെയ്തു കഴിയുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി തങ്ങളുടെ കുടുംബത്തിന് ആശ്രയമാകുന്ന വിധം പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് സഊദി നാഷണല്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി. സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരില്‍ റെജിസ്‌ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും അമ്പത്താറായിരത്തോളം അംഗങ്ങളാണ് പദ്ധതിയില്‍ ഇക്കൊല്ലം ചേര്‍ന്നിട്ടുള്ളത്.

അടുത്ത 2022 വര്‍ഷത്തെ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച്, ഡിസംബര്‍ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയില്‍ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികള്‍ സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ കീഴ്ഘടകങ്ങള്‍ മുഖേനെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗത്വം പുതുക്കുവാന്‍ സാധിക്കുന്നതാണ്.

കോവിഡ് മൂലം ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രവാസ ലോകത്തും നാട്ടിലും കാരുണ്യകടല്‍ തീര്‍ത്ത സഊദി കെഎംസിസി സമാനതകളില്ലാത്ത ജീവ കാരുണ്യപ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കി വരുന്നത്. ഇക്കാലയളവില്‍ സഊദി കെഎംസിസിയുടെ കീഴിലുള്ള മുപ്പത്തി എട്ടോളം സെന്‍ട്രല്‍ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അവര്‍ണ്ണനീയമാണ് . ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തില്‍ കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമ്മദ്, വര്‍ക്കിങ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് ,ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

web desk 1: