X

സൗദി കെ.എം.സി.സി ‘ഹദിയത്തു റഹ്മ’: ആദ്യ ഗഡു ചെറിയ പെരുന്നാളിന്

അഷ്‌റഫ് ആളത്ത്

ദമ്മാം: സഊദി കെ.എം.സി.സി വിഭാവനം ചെയ്യുന്ന പ്രതിമാസ പെൻഷൻ പദ്ധതി ‘ഹദിയത്തു റഹ്മ’ഈ മാസം മുതൽ പ്രാബല്യത്തിലാകുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന അംഗങ്ങൾക്ക് മാസാന്ത സ്നേഹ സമ്മാനമായി കഴിഞ്ഞ ഒക്റ്റോബറിൽ പ്രഖ്യാപിച്ച ഹദിയത്തുറഹ്മ പെൻഷൻ പദ്ധതിയുടെ പ്രഥമഘഡു ചെറിയപെരുന്നാൾ സമ്മാനമായി ആരംഭം കുറിക്കാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും കെ.എം.സി.സി കൂട്ടിച്ചേർത്തു. സൗദി പ്രവാസികൾക്കിടയിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രാബല്യത്തിലാക്കിയ സാമൂഹ്യ സുരക്ഷാപദ്ധതിയുടെ ഭാഗമാണ് ഹദിയത്തു റഹ്മ. സുരക്ഷാ പദ്ധതിയിൽ തുടക്കം മുതൽ തുടർച്ചയായി അംഗത്വ മുണ്ടാവുകയും അറുപത് വയസ്സ് പിന്നിടുകയും ചെയ്ത മുൻ പ്രവാസികൾക്കാണ് പ്രതിമാസ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുകയും ചെയ്ത 164 മെമ്പർമാർക്കാണ് ഈ വർഷത്തെ പെൻഷൻ നല്കിത്തുടങ്ങുക.
പ്രതിമാസം രണ്ടായിരം രൂപ വീതം ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ച് നൽകുന്ന രൂപത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ഒരു ദശാബ്ദം പിന്നിട്ട സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ അറുപത്തി അയ്യായിരത്തോളം അംഗങ്ങളുണ്ട്. വർഷത്തിൽ എല്ലാ ആഴ്ച്ചയും അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായങ്ങൾ ബാങ്ക് മുഖേന നേരത്തെതന്നെ നല്കിപ്പോരുന്നുണ്ട്. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് തവണയായി മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്ത് വരുന്നു.

ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവാസ ലോകത്ത് ആർക്കും അംഗമാകാവുന്ന തരത്തിലാണ് ഇതിൻറെ അംഗത്വ മാനദണ്ഡങ്ങൾ. ഇതിനായി സാങ്കേതിക പ്രൊഫഷണൽ സംവിധാനങ്ങളോടെ കോഴിക്കോട് കേന്ദ്രമായി റെജിസ്ട്രേഡ് ട്രസ്റ്റിന് കീഴിൽ ബ്രഹത്തായ സംവിധാനമാണ് സൗദി കെ.എം.സി.സി തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ അഞ്ചു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതിയിൽ നിന്നും വിതരണം ചെയ്തതെന്നും നാഷണൽ കെ.എം.സി.സി യുടെ കീഴിലുള്ള മുപ്പത്തിയഞ്ചു സെൻട്രൽ കമ്മറ്റികൾ മുഖേനെയാണ് ഹദിയത്തു റഹ്മ പദ്ധതി നടപ്പിലാക്കുന്നതെന്നും നാഷണൽ കമ്മിറ്റി അറിയിച്ചു.

ദമ്മാം മീഡിയഫോറം ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സൗദി കെഎംസിസി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല എന്നിവർ സംബന്ധിച്ചു.

webdesk14: