ദുബൈ: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സുപ്രധാന അംഗ രക്ഷകന്‍ മേജര്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്മ് കൊല്ലപ്പെട്ടു. തന്റെ ഒരു പഴയ സ്‌നേഹിതനെ അയാളുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച സമയത്തുണ്ടായ വാക്ക് തര്‍ക്കമായിരുന്നു മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്ക് തര്‍ക്കം മുര്‍ച്ചിച്ചപ്പോള്‍ വെടി വെപ്പുണ്ടാകുകയും മേജര്‍ അബ്ദുല്‍ അസീസ് സ്‌നേഹിതനാല്‍ കൊല്ലപ്പെടുകയുമായിരുന്നു. സഊദി മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിനായി 10 വര്‍ഷം സേവനം ചെയ്ത മേജര്‍ അബ്ദുല്‍ അസീസ് നിലവിലെ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഏറ്റവും വിശ്വസനീയ അംഗരക്ഷകരില്‍ ഒരാളും സുപ്രധാനിയുമായിരുന്നു.
അബ്ദുല്ല രാജാവിനും സല്‍മാന്‍ രാജാവിന്റെ വിശ്വസ്തനായിരുന്നു മേജര്‍ അബ്ദുല്‍ അസീസ്. രണ്ട് രാജാക്കന്മാരുടെയും വിദേശ യാത്രകളിലടക്കം തന്റെ സാന്നിദ്ധ്യവും കരുതലും അര്‍പ്പണ മനോഭാവവും അറബ് ലോകത്ത് ശ്രദ്ധേയമാണ്.