X

ഖത്തര്‍ ഹജ്ജ്തീര്‍ത്താടകര്‍ക്കായി സൗദി അതിര്‍ത്തി തുറന്നുനല്‍കും

ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ഖത്തരി തീര്‍ഥാടകര്‍ക്ക് സഊദിയില്‍ പ്രവേശിക്കുന്നതിന് സല്‍വാ അതിര്‍ത്തി തുറക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.

തീര്‍ഥാടനത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പാസുകള്‍ ആവശ്യമില്ലാതെതന്നെ ഖത്തരി പൗരന്‍മാരെ ഹജ്ജ് തീര്‍ഥാടനത്തിനായി പ്രവേശിപ്പിക്കാനും സഊദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്. സഊദിയുടെ തീരുമാനത്തെ ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി) സ്വാഗതം ചെയ്തുവെങ്കിലും തീരുമാനത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും ഖത്തറില്‍ താമസിക്കുന്ന തീര്‍ഥാടകരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. എല്ലാ തീര്‍ഥാടകര്‍ക്കും വിവേചനമില്ലാതെ ഒരേപോലെയുള്ള പരിചരണവും സേവനങ്ങളും ലഭിക്കേണ്ടതുണ്ടെന്ന് എന്‍എച്ച്ആര്‍സി പ്രസ്താവനയില്‍ അറിയിച്ചു.

രാഷ്ട്രീയമോ വ്യക്തിപരമോ ആയ കണക്കൂകൂട്ടലുകള്‍ക്കോ മധ്യസ്ഥതയ്ക്കോ ഹജ്ജിനെ ഉപ.ാേഗിക്കരുതെന്നും മനുഷ്യാവകാശം സംബന്ധിച്ച രാജ്യാന്തര കരാറുകളും ഇസ് ലാമിക നിയമങ്ങളും ഉറപ്പുനല്‍കുന്ന അവകാശമാണിതെന്നും എന്‍എച്ച്ആര്‍സി വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി തുറക്കാനുള്ള സഊദി അറേബ്യയുടെ തീരുമാനത്തെ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി സ്വാഗതം ചെയ്തു. അതേസമയം മതസ്വാതന്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന റിയാദിന്റെ നടപടികളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഖത്തരികളെ ആദ്യം തീര്‍ഥാടനം നിര്‍വഹിക്കുന്നതില്‍ നിന്ന വിലക്കിയും പിന്നീട് പ്രവേശനം അനുവദിച്ചും

രാഷ്ട്രീയവല്‍ക്കരിക്കുകയാണുണ്ടായിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്റ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും- സ്റ്റോക്ക്ഹോമില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ വിദേശകാര്യമന്ത്രി പറഞ്ഞു. വ്യോമമാര്‍ഗം സഊദിയിലെത്തുന്ന തീര്‍ഥാടകരുടെ ഗതാഗതം സുഗമമാക്കുന്നതിനും സല്‍മാന്‍ രാജാവ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദമ്മാമിലെ കിങ് ഫഹദ് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്സ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ഖത്തരി തീര്‍ഥാടകരെ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ സൗജന്യമായി എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് പ്രോഗ്രാം ഫോര്‍ ഹജ്ജ് ആന്റ് ഉംറ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇവരെ സൗജന്യമായി ജിദ്ദയിലെത്തിക്കുക. ഇതിനുപുറമെ സഊദി അറേബ്യന്‍ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ ദോഹയിലെത്തി ഖത്തരി തീര്‍ഥാടകരെ ജിദ്ദയില്‍ നേരിട്ടെത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണചെലവും സല്‍മാന്‍ രാജാവായിരിക്കും വഹിക്കുക. ഖത്തരി പൗരന്‍മാരായ തീര്‍ഥാടകര്‍ക്കായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് വഴിതുറക്കുന്നതാകും സല്‍മാന്‍ രാജാവിന്റെ പുതിയ തീരുമാനമെന്ന് നയതന്ത്രവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

അതേസമയം സഊദി രാജാവിന്റെ തീരുമാനത്തിനെതിരെ നിരവധി ഖത്തരികള്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശമവുമായി രംഗത്തെത്തി. ഉപരോധം നീക്കാതെ തീര്‍ഥാടനത്തിനില്ലെന്ന ഹാഷ്ടാഗിലാണ് വിമര്‍ശനം. തീവ്രവാദകുറ്റം ആരോപിച്ച് ഖത്തര്‍ തീര്‍ഥാടകരെ അറസ്റ്റ് ചെയ്യില്ലെന്നും പീഡിപ്പിക്കില്ലെന്നും യാതൊരു ഉറപ്പുംലഭിച്ചിട്ടില്ലെന്ന് ഒരു സ്വദേശി ട്വിറ്ററില്‍ പ്രതികരിച്ചു. വിശ്വാസം നഷ്ടപ്പെട്ടൂ, തങ്ങളുടെ പണം ഉപയോഗിച്ച് തങ്ങളുടെ വിമാനങ്ങളിലെ പോവുകയുള്ളു, ആരുടെയും കാരുണ്യം തങ്ങള്‍ക്ക് ആവശ്യമില്ല- മറ്റൊരു സ്വദേശി കുറിച്ചു. ഖത്തര്‍ തീര്‍ഥാടകര്‍ക്കായി സഊദി ഒരുക്കുന്ന സുരക്ഷയിലും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.

chandrika: