അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വീണ്ടും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രാജ കാരുണ്യം. കോവിഡ് മൂലം സഊദിയിലേക്കുള്ള പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കി നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശക വിസയും പുതുക്കി നല്‍കാന്‍ ഉത്തരവില്‍ പറയുന്നുണ്ട്. 2021 ജൂണ്‍ രണ്ട് വരെ കാലാവധിയുള്ള ഇഖാമ, റീ എന്‍ട്രി, വിസിറ്റിംഗ് വിസ എന്നിവയാണ് നീട്ടി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നിലവില്‍ സഊദിയിലേക്ക് യാത്രാ വിലക്കുള്ള ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ അനുകൂലം ലഭിക്കുക. തിരിച്ചു വരാന്‍ കഴിയാതെ നാട്ടില്‍ കഴിയുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കുമ്പോള്‍ നാട്ടിലേക്ക് മടങ്ങി പോകാന്‍ കഴിയാതെ സഊദിയില്‍ കഴിയുന്ന സന്ദര്‍ശക വിസയിലെത്തിയവരുടെ വിസിറ്റ് വിസയും പുതുക്കി കൊടുക്കും. നാശനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് ജവാസാത്ത് വിഭാഗം ഇതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കും. സഊദി ധനമന്ത്രാലയമാണ് ആവശ്യമായ ചെലവുകള്‍ വഹിക്കുക. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ സഊദി ശാസ്ത്രീയമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
കഴിഞ്ഞ പതിനാല് മാസത്തിലധികമായി നാട്ടില്‍ കുടുങ്ങി കഴിയുന്ന ആയിരകണക്കിന് പ്രവാസികള്‍ക്ക് രാജ കാരുണ്യം പ്രയോഗജനപ്പെടും. നാട്ടില്‍ ചെലവിന് പോലും പണമില്ലാതെ കഴിയുന്നവര്‍ക്ക് ഈ ആനുകൂല്യം അപ്രതീക്ഷിത കാരുണ്യം തന്നെയാണ്. നേരത്തെയും ഇതുപോലുള്ള നടപടികള്‍ രാജ കാരുണ്യം മൂലം പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു. സഊദിയിലെത്താനുള്ള വഴികളൊക്കെ അടഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ആനുകൂല്യം നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് അനുഗ്രഹമാകുമ്പോള്‍ വിസിറ്റ് വിസയില്‍ സഊദിയിലെത്തി കുടുങ്ങിയവര്‍ക്കും വലിയ ആശ്വാസമാകും.