അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലേക്കും കുവൈറ്റിലേക്കുമുള്ള വഴിമധ്യേ ദുബായില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ആയിരക്കണക്കിന്ന് പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ കാരുണ്യം. വിസ കാലാവധി കഴിഞ്ഞവര്‍ക്കും അവസാനിക്കാരായവര്‍ക്കുമടക്കം യാത്രക്കിടെ ദുബായില്‍ അകപ്പെട്ട എല്ലാവര്‍ക്കും ഒരു മാസത്തേക്ക് അവരുടെ ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കാന്‍ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സഊദിയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയ സാഹചര്യത്തില്‍ വിസ കാലാവധി തീര്‍ന്നു നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്കാണ് ഈ ഉത്തരവ് അനുഗ്രഹമായി മാറിയത്. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ടിക്കറ്റിന് വേണ്ടി ശ്രമിക്കുന്നതിനിടെയാണ് പുതിയ ഉത്തരവ്. ആശങ്കയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പുതുവത്സര ദിനത്തില്‍ ദുബായില്‍ തങ്ങാനുള്ള അവസരം ആശ്വാസം കൂടിയാകും. ഇക്കാലയളവില്‍ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് സുരക്ഷയും അധികൃതരുടെ സഹകരണവും ഉറപ്പ് വരുത്താനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സഊദിയിലേക്കുള്ള യാത്രക്കാര്‍ ദുബായ് വഴി യാത്രക്കൊരുങ്ങിയത്. ഇന്ത്യയെ കോവിഡ് വ്യാപന സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‌പെടുത്തിയതിനാല്‍ ഇവിടെ നിന്ന് വരുന്നവര്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷം മാത്രമേ സഊദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അതിനിടെ ഭാഗികമായി യാത്രാവിലക്ക് നീക്കിയ സഊദി കഴിഞ്ഞ ദിവസം സ്വദേശങ്ങളിലേക്ക് പോകേണ്ട വിദേശികള്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഇനിയും ഒരാഴ്ച്ച കാത്തിരിക്കേണ്ടി വരുമെന്നാണ് സഊദി ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്. കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തിലാണ് ഒരാഴ്ച്ച മുമ്പേ സഊദി വിമാന യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം യാത്രാ മദ്ധ്യേ ദുബായില്‍ മറ്റു ആശ്രയങ്ങളൊന്നുമില്ലാതെ കുടുങ്ങിയവര്‍ക്ക് തുണയായി യു എ ഇ കെഎംസിസിയുടെ ഷെല്‍ട്ടര്‍ ആരംഭിച്ചത് സഊദിയില്‍ നിന്നുള്ള നൂറുകണക്കിന്ന് ആളുകള്‍ക്കാണ് ഉപകാരപ്പെട്ടത്. ഇവിടെ ദുരിതത്തിലായവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിരുന്നു. സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കാനായി ദുബായിലെത്തിയ നിരവധി പേരാണ് യു എ ഇ കെഎംസിസിയുടെ അജ്മാനിലും മറ്റു എമിറേറ്റുകളിലുമുള്ള ഷെല്‍റ്ററുകളില്‍ കഴിയുന്നത്. സഊദി പ്രവാസികളുടെ അപ്രതീക്ഷിത യാത്രാ തടസ്സവും താമസ പ്രശ്‌നവും സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി യു എ ഇ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുത്തിരിയിന്നു. ഒരു മാസത്തെ സൗജന്യ വിസ നല്‍കിയ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ കാരുണ്യവും സൗജന്യ താമസവും ഭക്ഷണവും നല്‍കുന്ന യു എ ഇ കെഎംസിസിയുടെ കൈത്താങ്ങും പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമായത് .