അഷ്‌റഫ് ആളത്ത്
ദമ്മാം: സഊദി-കേരള വ്യോമപാതയില്‍ മാറ്റം വരുത്തിയതായി എയര്‍ ഇന്ത്യ. ഇതുപ്രകാരം കേരളത്തില്‍നിന്നു സഊദിയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര അരമണിക്കൂര്‍ ദൈര്‍ഘ്യമേറിയതായി അധികൃതര്‍ അറിയിച്ചു. യാത്രാനിരക്കിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ ഇറാന്റെ വ്യോമമേഖലയിലൂടെയുള്ള പറക്കല്‍ നിര്‍ത്തിവച്ചതോടെയാണ് കേരള – സഊദി സെക്ടറിലേക്ക് വിമാനയാത്ര ദൈര്‍ഘ്യമേറിയത്. അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഇറാന്റെ ‘പ്രശ്‌നബാധിത വ്യോമമേഖല’ ഒഴിവാക്കി പറക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികളോടു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി. സി.എ) നേരത്തെ നിര്‍ദേശിച്ചിരുന്നു. വിമാനയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. ജൂണ്‍ 22 മുതലാണ് ഇറാന്‍ വ്യോമമേഖല ഒഴിവാക്കി പറക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. പുതിയ നിര്‍ദേശപ്രകാരമുള്ള റൂട്ടുമാറ്റം പ്രാബല്യത്തിലാക്കുകയാണെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനു സമീപം അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ചിച്ചിരിക്കുകയാണ്.
എയര്‍ഇന്ത്യയുടെ സഊദി, യുഎസ്, യൂറോപ്പ് സര്‍വീസുകളെയും ഇന്‍ഡിഗോയുടെ ദോഹ-ഇസ്താംബുള്‍-ദോഹ സര്‍വീസിനെയും റൂട്ടുമാറ്റം ബാധിച്ചിട്ടുണ്ട്. സമുദ്രത്തിനു മുകളില്‍ ഇറാന്‍ വ്യോമമേഖല ഒഴിവാക്കാനായി വിമാനങ്ങള്‍ക്ക് 200 മൈല്‍ അധികം സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ബോയിങ് 737-ന് ഒരു ടണ്‍ ഇന്ധനമാണ് അധികമായി ഉപയോഗിക്കേണ്ടി വരുന്നത്. കേരളത്തില്‍നിന്ന് റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ്.
നിലവില്‍ നാലര മണിക്കൂറായിരുന്നു ഈ റൂട്ടിലെ പറക്കല്‍ സമയം. വ്യോമയാന പാതയില്‍ മാറ്റം വരുത്തുന്നതോടെ ഇത് അഞ്ച് മണിക്കൂറായി ഉയരും. അതേസമയം എയര്‍ ഇന്ത്യ ഇതുവരെ നിരക്ക് ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ ഇറാന്‍ വ്യോമമേഖല ഒഴിവാക്കുന്ന നടപടി നീണ്ടുപോയാല്‍ വിമാനനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ട്രാവല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സഊദി-കേരള വ്യോമ പാതയിലെ മാറ്റം; യാത്ര ദൈര്‍ഘ്യമേറും
Tags: saudi arabia