അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ജോലിചെയ്യുന്നവര്‍ക്ക് നാട്ടിലായാലും ഇഖാമ പുതുക്കാനുള്ള നടപടികളുമായി ജവാസാത്ത് ഡയറക്ടറേറ്റ് രംഗത്ത്. സ്‌പോണ്‍സര്‍മാക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാവുന്ന സേവനങ്ങള്‍ക്ക് സഊദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു.തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുരക്ഷിതമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം തുടരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ സഊദിക്ക് പുറത്തായാലും റെസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമ പുതുക്കാനും റീഎന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് ഇതുമൂലം അവസരമുണ്ടാകും. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടില്‍ കുടുങ്ങി പോകുന്നവര്‍ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക. വിദേശങ്ങളില്‍ കഴിയുന്നവരുടെ ഇഖാമ പുതുക്കുക, വിദേശങ്ങളിലുള്ളവരുടെ റീഎന്‍ട്രി വിസ ദീര്‍ഘിപ്പിക്കുക, പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുക, പതിനഞ്ചും അതില്‍ കുറവും പ്രായമുള്ള സ്വദേശികളുടെ കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുക, പാസ്‌പോര്‍ട്ട് പുതുക്കുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ ജവാസാത്ത് ഡയറക്ടറേറ്റുമായി ആശയവിനിമയം നടത്താന്‍ ഗുണഭോക്താക്കളെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്.
വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, ബിസിനസ് മേഖലക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ശിര്‍ ബിസ് നസ്, വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന മുഖീം എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള പുതിയ സേവനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പുതിയ സേവനങ്ങളെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വിശദീകരിച്ചു. ജവാസാത്തില്‍ നിന്നുള്ള സ്വദേശികളുടെയും വിദേശികളുടെയും നടപടിക്രമങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് എളുപ്പമാക്കാനാണ് ജവാസാത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു .