അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ഓഹരി സ്വന്തമാക്കാന്‍ സഊദി അറേബ്യയും രംഗത്തെന്ന് സൂചന. സഊദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന ലുലുവിന്റെ ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍.
ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു മാസത്തോളമായി തുടര്‍ന്നുവരുന്ന ചര്‍ച്ച പുരോഗമിക്കുന്നതായി റോയിട്ടേഴ്‌സ് ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നിക്ഷേപങ്ങളിലാണ് പി ഐ എഫ് ഓഹരികള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയുമായി ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമായി 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രതിവര്‍ഷ വില്‍പന 740 കോടി ഡോളറിലെത്തിയിട്ടുണ്ട്. സഊദിയിലും യു.എ.ഇയിലും ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും ഈജിപ്തിലും ഇന്ത്യയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു ഗ്രൂപ്പിനു കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യ, അമേരിക്ക, യൂറോപ്പ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഗ്രൂപ്പിനു കീഴില്‍ വിതരണ കമ്പനികളുമുണ്ട്. 194 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വന്‍കിട ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. ഗ്രൂപ്പിലെ 58,000 ജീവനക്കാരില്‍ 30,000 പേരും മലയാളികളാണ്. സഊദിയിലെ വിവിധ നഗരങ്ങളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ലുലു മാനേജ്‌മെന്റ്.
രാജ്യത്തിന്റെ പ്രാദേശിക വികസന ലക്ഷ്യത്തോടെ 1971 ലാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് ഇത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളാണ് സോവറിന്‍ ഫണ്ടുകള്‍. 2015 ല്‍ ഫണ്ടിന്റെ നയപരിപാടികളിലും ഡയറക്ടര്‍ ബോര്‍ഡിലും മാറ്റം വരുത്തി. മുന്‍ ദശകങ്ങളില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ലോകത്തെ മറ്റു പരമാധികാര ഫണ്ടുകളുടെ പ്രവര്‍ത്തനവും അനുഭവങ്ങളും പഠിക്കുകയും ചെയ്താണ് ഫണ്ടിന്റെ നയപരിപാടികളില്‍ ഭേദഗതികള്‍ വരുത്തി ആറു നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ക്ക് രൂപം നല്‍കിയത്. ഇതില്‍ നാലെണ്ണം പ്രാദേശിക നിക്ഷേപ പോര്‍ട്ട്‌ഫോളിയോകളും രണ്ടെണ്ണം അന്തര്‍ദേശീയ പോര്‍ട്ട്‌ഫോളിയോകളുമാണ്.
നിലവില്‍ ആഗോള തലത്തില്‍ 18 മുതല്‍ 20 ശതമാനം വരെയും പ്രാദേശിക തലത്തില്‍ 82 ശതമാനം വരെയുമാണ് ഫണ്ടിന്റെ നിക്ഷേപങ്ങള്‍. ഫണ്ടിന്റെ ആസ്തികള്‍ 360 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2015 ല്‍ ഇത് 150 ബില്യണ്‍ ഡോളറായിരുന്നു. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ പോലുള്ള ലോക നഗരങ്ങളില്‍ ശാഖകള്‍ തുറക്കാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നീക്കമുണ്ട്.സഊദിയുടെ വിഷന്‍ 2030 യുടെ ഭാഗമായുള്ള സാമ്പത്തിക പരിവര്‍ത്തനത്തില്‍ രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള പി ഐ എഫിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.