X
    Categories: GULFNews

സൗദി- ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കും; ധാരണാ പത്രം ഒപ്പ്‌ വെച്ചു

റിയാദ് – വ്യാപാര, വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയും സൗദിയും കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. സൗദി ചേംബർ റിയാദിൽ സംഘടിപ്പിച്ച സൗദി – ഇന്ത്യൻ വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളിലെയും ചേംബർ പ്രതിനിധികൾ ഒപ്പ് വെച്ചു.

മന്ത്രി പീയുഷ് ഗോയൽ, സൗദി ചേമ്പർ പ്രസിഡന്റ് ഹസൻ അൽ ഹുവൈസി എന്നിവരുടെ സാന്നിധ്യത്തിൽ സൗദി ചേംബർ സെക്രട്ടറി ജനറൽ വലീദ് അൽ അറിനാൻ, ഐ.ടി.സി. ഗ്രൂപ്പ് ചെയർമാനും ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡണ്ടുമായ സഞ്ജീവ് പുരിയുമാണ് ധാരണ പത്രത്തിൽ ഒപ്പ് വെച്ചത്.

സൗദിയിലെ ഇന്ത്യൻ വ്യവസായികളുടെ സേവനം പ്രശംസനീയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നൂറിലധികം വാണിജ്യ വ്യവസായ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.

ഉഭയകക്ഷി കരാറുകൾ രണ്ട് രാജ്യങ്ങളുടെയും വ്യവസായ പങ്കാളിത്തത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഏഴാം എഡിഷനിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം. എ യൂസഫലി അറിയിച്ചു.

സൗദിയുടെ പുരോഗതിക്കൊപ്പം ലുലുവും ദ്രുതഗതിയിൽ സഞ്ചരിക്കുന്നുണ്ട്. നിലവിൽ സൗദിയിലെ 58 ലുലു ഹൈപ്പർ മാർക്കറ്റുകൾ 100 എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതിനു പിന്നിൽ സൗദി കിരീടാവകാശിയുടെ സഹായവും സഹകരണവും പിന്തുണയും നന്ദിയോടെ ഓർക്കുന്നുവെന്ന് യൂസഫലി വ്യക്തമാക്കി.

സൗദിയിലെ ഇന്ത്യൻ അമ്പാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, അസ്സദ് അൽ ജുമായി, മാജിദ് അൽ ഒതായ്ശൻ എന്നിവരും സംബന്ധിച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേംബഴ്സ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

webdesk11: