X
    Categories: gulfNews

അങ്ങനെ ഒരു ചര്‍ച്ചയേ നടന്നിട്ടില്ല; നെതന്യാഹു ബിന്‍ സല്‍മാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗദി

ജിദ്ദ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗദി അറേബ്യ. ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയല്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി.

നെതന്യാഹുവും ഇസ്രയേല്‍ ചാരസംഘടന മൊസാദിന്റെ തലവന്‍ യൂസുഫ് മീര്‍ കോഹനും നിയോമില്‍ വച്ച് മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് ഇസ്രയേല്‍ ആര്‍മി റേഡിയോയും കാന്‍ റേഡിയോയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനായി മാത്രം ഇസ്രയേല്‍ നേതാക്കള്‍ ടെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് പറന്നു എന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

‘നിയോമിലെ വിമാനത്താവളത്തില്‍ വച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് യാത്രയയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു. കിരീടാവകാശിയും അതില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതില്‍ ഇസ്രയേലികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല’ – മന്ത്രി അല്‍ അറേബ്യയോട് പറഞ്ഞു.

ഫലസ്തീന്‍ പ്രശ്‌ന പരിഹാരം സാധ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചപ്പോഴും സൗദി ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. മേഖലയിലെ യുഎസിന്റെ സഖ്യകക്ഷിയായി തുടരുമ്പോഴും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിന് അനുകൂലമായ നിലപാട് ഇതുവരെ സൗദി സ്വീകരിച്ചിട്ടില്ല.

കൂടുതല്‍ അറബ് രാജ്യങ്ങള്‍ യുഎഇയുടെ വഴിയെ വരുമെന്ന് നേരത്തെ യുഎസ് അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ആദ്യം ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണം എന്നുമാണ് നിലപാടെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

Test User: