X

ഇന്ത്യക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും സഊദിയില്‍ രാജ്യാന്തര വിമാന സര്‍വീസ് നിരോധനം നാളെ അവസാനിക്കും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്ര നിരോധനം നാളെ അവസാനിക്കും. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തിന്റെ കര വ്യോമ നാവിക അതിര്‍ത്തികള്‍ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . രാജ്യാന്തര യാത്ര സര്‍വീസുകള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് പിന്നീട് മെയ് 17 ലേക്ക് മാറ്റുകയായിരുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒന്നര മാസത്തിലധികം വീണ്ടും നീട്ടാനുള്ള തീരുമാനം അന്ന് സഊദി കൈകൊണ്ടത്. അതേസമയം നാളെ മുതല്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കമുള്ള ഇരുപത് രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ഉള്‍പ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കാന്‍ രാജ്യത്തെ കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സജ്ജമായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദിലെയും ജിദ്ദയിലെയും ദമാമിലെയും വിമാനത്താവളങ്ങളില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. വിദേശത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരുടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് അതത് അതിര്‍ത്തി കവാടങ്ങളില്‍ പരിശോധിക്കും. യാത്രയുദ്ദേശിക്കുന്ന രാജ്യങ്ങളിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും യാത്രക്കാര്‍ അറിഞ്ഞിരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു

സഊദി എയര്‍ലൈന്‍സ് ആദ്യഘട്ടത്തില്‍ 43 അന്താരാഷ്ട്ര റൂട്ടുകളിലേക്കും 28 ആഭ്യന്തര സെക്ടറുകളിലേക്കുമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പായി വിമാനങ്ങള്‍ യു.വി.സി സംവിധാനമുപയോഗിച്ച് അണുവിമുക്തമാക്കും. പുറത്തേക്ക് പോകാനുദ്ദേശിക്കുന്ന യാത്രക്കാരുടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് വിമാനത്താവളത്തില്‍ പരിശോധിക്കും. കോവിഡ് ബാധിച്ചിട്ടില്ല, രോഗം ഭേദമായി പ്രതിരോധനനില കൈവരിച്ചവര്‍, വാക്‌സിനെടുത്തവര്‍ എന്നിങ്ങനെ തവല്‍ക്കനയില്‍ സ്റ്റാറ്റസുള്ളവര്‍ക്ക് പുറത്തുപോകുന്നതിന് വിരോധമില്ല. രോഗബാധിതര്‍ക്ക് യാത്രക്ക് അനുമതിയുണ്ടാകില്ല. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 14 ദിവസം കഴിഞ്ഞ് തവക്കല്‍നായില്‍ പുതിയ സ്റ്റാറ്റസ് വന്നതിന് ശേഷമേ യാത്ര ചെയ്യാനാവൂ. ഓരോ രാജ്യങ്ങളുടെയും പ്രവേശന നിബന്ധനകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സഊദിയ വ്യക്തമാക്കി

രാജ്യം വിട്ടു പുറത്തുപോകുന്നതില്‍ സ്വദേശികള്‍ക്കാണ് ഇതുവരെ യാത്രാവിലക്കുണ്ടായിരുന്നത്. അത്യാവശ്യമുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി യാത്ര അനുവദിക്കുകയും ചെയ്തിരുന്നു. വിദേശികള്‍ക്ക് സഊദിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വിദേശികള്‍ രാജ്യത്തേക്ക് തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. അതോടൊപ്പം വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സൗകര്യം സഊദിയിലേക്ക് തിരിച്ചു വരുന്ന വിദേശികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ അതാത് എയര്‍ലൈനുകള്‍ വഴിയാണ് ഉചിതമായ ക്വാറന്റൈന്‍ സൗകര്യം കണ്ടെത്തേണ്ടത്. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്കും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. അവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം.

രാജ്യത്തേക്ക് തിരിച്ചെത്തുന്ന യാത്രക്കാരെല്ലാം 72 മണിക്കൂറിനകം ചെയ്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കയ്യില്‍ സൂക്ഷിക്കണം. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ 14 ദിവസം സഊദിയുടെ ലിസ്റ്റിലുള്ള കോവിഡ് വ്യാപനമില്ലാത്ത മറ്റൊരു രാജ്യത്ത് താമസിച്ചുവേണം മടങ്ങിയെത്താന്‍. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഇവര്‍ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നത് കനത്ത ശിക്ഷ നടപടികള്‍ക്ക് കാരണമാകുന്നതിനാല്‍ സഊദിയിലെക്ക് തിരിച്ചെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്,

ഏതായാലും അന്താരാഷ്ട്ര യാത്രക്കുള്ള വിലക്ക് നീങ്ങുന്നതോടെ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര ദുരിതത്തിന് അറുതിയാകും. രാജ്യാന്തര യാത്രകളും ചരക്ക് നീക്കങ്ങളും ആരംഭിക്കുന്നതോടെ സഊദി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ക്രമേണ കടക്കുമെന്നാണ് പ്രവാസികളടക്കമുളളവരുടെ പ്രതീക്ഷ. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്കും എടുത്തുകളയുമെന്നും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് സാധാരണ ഗതിയിലുള്ള യാത്ര സാധ്യമാകുമെന്നുമാണ് കരുതുന്നത് . നിലവില്‍ നാളെ അവസാനിക്കുന്ന അന്താരാഷ്ട്ര യാത്ര വിലക്കില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയില്ലെങ്കിലും ഭാവിയില്‍ ഇന്ത്യ കോവിഡ് മുക്തമാണെന്ന് സഊദി കോവിഡ് നിരീക്ഷണ പ്രത്യേക സമിതി പ്രഖ്യാപിച്ചാല്‍ ഇന്ത്യയിലേക്കുള്ള യാത്രാ വിലക്കും അവസാനിക്കും.

 

web desk 1: