ന്യൂഡല്‍ഹി: ഫുട്‌ബോളിലും ഗോള്‍ഫിലും കാലുറപ്പിച്ച സഊദി അറേബ്യ പണക്കിലുക്കത്തിന്റെ മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്കും ചുവടുവെക്കാനൊരുങ്ങുന്നു. 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയായി ഐപിഎല്ലിനെ മാറ്റുന്നതിനെക്കുറിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 30 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിങ് കമ്പനിയില്‍ സഊദി അറേബ്യ ഗണ്യമായ ഓഹരി എടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറില്‍ സഊദി അധികൃതരുടെ ഇന്ത്യ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
ലീഗിലേക്ക് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെയോ മറ്റു യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിക്കാനും സഊദി നിര്‍ദേശം വെച്ചതായാണ് റിപ്പോര്‍ട്ട്. സഊദി കരാറിനായി താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറും ബിസിസിഐയും അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷം ഈ നിര്‍ദേശം സ്വീകരിക്കാനാണ് സാധ്യത. നിലവില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐയെ നയിക്കുന്നത്.
അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സഊദി എടുത്തിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിസിസിഐയുടെയും സഊദി സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്റെയും പ്രതിനിധികള്‍ തയാറായിട്ടില്ല. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍, ബോളിവുഡിന്റെ തിളക്കവും ഇന്ത്യയിലെ വലിയ ജനസംഖ്യയുടെ ഊര്‍ജ്ജവും ഉപയോഗപ്പെടുത്തി അമേരിക്കന്‍ ശൈലിയിലുള്ള മാര്‍ക്കറ്റിങാണ് ഐ.പി.എല്ലിനായി നടക്കുന്നത്. അറാംകോയും സഊദി ടൂറിസം അതോറിറ്റിയും ഉള്‍പ്പെടെ നിരവധി സ്‌പോണ്‍സര്‍മാരെ ലീഗിന് ലഭിച്ചിട്ടുണ്ട്. എട്ട് ആഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഐ.പി.എല്‍ സീസണ്‍ എങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ 2027 വരെ ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനായി 6.2 ബില്യണ്‍ ഡോളറാണ് നല്‍കിയത്. അതായത് ഒരു മത്സരത്തിന് 15.1 മില്യണ്‍ ഡോളല്‍ എന്ന തോതില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാളും ഉയര്‍ന്ന നിരക്കാണിത്. 17 മില്യന്‍ ഡോളര്‍ ഒരു മത്സരത്തിന് ഈടാക്കുന്ന അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഐ.പി.എല്ലിനേക്കാളും സംപ്രേഷണത്തിന് കൂടുതല്‍ പണം ഈടാക്കുന്നത്. ഐ.പി.എല്ലില്‍ സഊദി നിക്ഷേപം വരികയോ ലീഗിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തുകയോ ചെയ്താല്‍ സംപ്രേഷണ കരാറില്‍ മാറ്റം വരുത്തേണ്ടി വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഊദി അറേബ്യ സ്‌പോര്‍ട്‌സിനായി കോടിക്കണക്കിന് ഡോളറാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ ഒരു ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ കായിക ഭരണ സമിതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു.