മുറാസില്‍
റിയാദ് : രാജ്യത്തെ കോവിഡ് നിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്. സഊദിയിലെ സ്വദേശികളെയും വിദേശികളെയും ഏറെ ആഹ്ലാദിപ്പിക്കുന്നതാണ് പുതിയ നടപടികള്‍. വാണിജ്യ വ്യവസായ നിക്ഷേപ മേഖലിയിലുള്ളവര്‍ക്കും ഈ തീരുമാനം സന്തോഷം പകര്‍ന്നു. നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ പ്രവാസികള്‍ക്ക് സഊദിയിലേക്കുള്ള യാത്ര ക്ലേശരഹിതമാകും. അതോടൊപ്പം ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജിന്റെ കാര്യത്തിലും ഈ തീരുമാനം നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത് .
വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതിനപ്പുറം പരിശോധന റിപ്പോര്‍ട്ടുകളോ അതടിസ്ഥാനത്തിലുള്ള ക്വാറന്റൈനോ ആവശ്യമില്ലെന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. വലിയൊരു സാമ്പത്തിക ബാധ്യതയായിരുന്നു പലര്‍ക്കും സഊദിയിലേക്കുള്ള യാത്ര. ഇതോടെ കുടുംബങ്ങളടക്കമുള്ളവരുടെ യാത്ര മുടങ്ങിയിരുന്നു. പല കാരണങ്ങളാല്‍ സഊദിയിലേക്ക് പ്രവേശിക്കാന്‍ പ്രതിസന്ധി നേരിട്ടവര്‍ക്ക് ഇനിമുതല്‍ ആശങ്കയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധ്യമാകും.
ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം ഇതുവരെ കൈകൊണ്ടിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ കര്‍മ്മങ്ങളില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും കൈകൊണ്ടിരുന്നു. എന്നാല്‍ ഇരു ഹറമുകളിലെ സാമൂഹിക അകലം പിന്‍വലിച്ചതും കോവിഡ് പരിശോധന, ക്വാറന്റൈന്‍ സംവിധാനം ഒഴിവാക്കിയതും വിദേശത്ത് നിന്നുള്ള ഹാജിമാര്‍ക്ക് ഇക്കൊല്ലം അവസരം ലഭിച്ചേക്കുമെന്ന ശുഭ സൂചനയാണ് നല്‍കുന്നത്. ഏതായാലും പ്രത്യേക സമിതിയുടെ കോവിഡ് വ്യാപന തോത് വിലയിരുത്തിയാകും ഹജ്ജ് കര്മത്തിനുള്ള അനുമതിയിലുള്ള അന്തിമ തീരുമാനം. പുണ്യകര്‍മ്മത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി കാതോര്‍ക്കുന്ന വിദേശ തീര്‍ത്ഥാടകര്‍ ഇത്തവണ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ്