അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: പതിനേഴ് മാസത്തിന് ശേഷം ടൂറിസ്റ്റ് വിസക്കാര്‍ക്ക് പ്രവേശനം നല്‍കാന്‍ സഊദി തീരുമാനം. ആഗസ്റ്റ് ഒന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും വിസ നല്‍കുക. കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും നിര്‍വഹിച്ചവര്‍ക്കാണ് എടുത്തവര്‍ക്കാകും വിസ ഇഷ്യൂ ചെയ്യുന്നത്. സഊദി അംഗീകരിച്ച ഫൈസര്‍ , ആസ്ട്ര സെനിക്ക , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ , മോഡേണ തുടങ്ങിയ വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് പ്രവേശനം . ഇവര്‍ക്ക് ഇന്‍സ്റ്റിട്യൂഷണല്‍ ക്വറന്റൈന്‍ ആവശ്യമില്ല.
വാക്‌സിനേഷന് പുറമെ പ്രവേശന സമയത്ത് വാക്‌സിനേഷന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി സി ആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ടൂറിസം വിസക്കാര്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന് കീഴിലെ മുഖീമില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും വേണം. ഈ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഡാറ്റ ഇവരുടെ തവക്കല്‍നയില്‍ അപ്‌ഡേറ്റ് ആകുകയും ചെയ്യും. പിന്നീട് ഓരോ ടൂറിസം കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ഇവര്‍ക്ക് തവക്കല്‍ന സ്റ്റാറ്റസ് പരിഗണിച്ചു പ്രവേശനം സാധ്യമാകുമെന്നും സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു.
സഊദി അനുമതി നല്‍കിയ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം ടൂറിസ്റ്റ് വിസക്ക് അപേക്ഷ നല്‍കിയവര്‍. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ടൂറിസ്റ്റ് വിസകള്‍ ഇഷ്യൂ ചെയ്യുന്നത് താല്‍കാലികമായി നിര്‍ത്തി വെച്ചിരുന്നു. അതെ സമയം ഇപ്പോള്‍ യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നതിനെ കുറിച്ച് വ്യക്തതയില്ല.