അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : മലപ്പുറം കോട്ടക്കല്‍ സ്വദേശിനി റിയാദില്‍ നിര്യാതയായി. റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എം ജി എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ഹസീന ടീച്ചറാണ് (48)അല്‍ ഈമാന്‍ ആശുപത്രിയില്‍ നിര്യാതയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ അസീസ് കോട്ടക്കല്‍ റിയാദിലുണ്ട്. അബ്ദുല്‍ ഹസീബ്, അദീബ് , യാര, അബാന്‍ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ 23 വര്‍ഷമായി റിയാദിലുള്ള ടീച്ചര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. റിയാദ് സലഫി മദ്രസ്സയിലെ അധ്യാപികയായിരുന്നു. ടീച്ചറുടെ നേതൃത്വത്തില്‍ പ്രബോധന രംഗത്ത് വനിതകള്‍ക്കിടയില്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ലേണ്‍ ദി ഖുര്‍ആന്‍ വനിതകള്‍ക്കിടയില്‍ ജനകീയമാക്കുന്നതിലും ഖുര്‍ആന്‍ പഠനത്തില്‍ റിയാദിലുള്ള മലയാളി കുടുംബിനികള്‍ക്ക് പ്രചോദനം നല്‍കാനും ടീച്ചര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
തഹ്ഫീലുല്‍ ഖുര്‍ആന്‍ ഈവനിംഗ് ഷിഫ്റ്റ് അധ്യാപിക,എംജിഎം ശരീഅ കോഴ്‌സ് കോഡിനേറ്റര്‍, ഹദീസ് കോഴ്‌സ് കോഡിനേറ്റര്‍, സലഫി മദ്‌റസ സീനിയര്‍ അധ്യാപിക, വനിതാ വിംഗ് ദഅവാ വിഭാഗത്തിലെ പ്രധാന പ്രബോധക, പ്രഭാഷണ രംഗത്തെ മികവുറ്റ പ്രാസംഗിക തുടങ്ങി വിവിധ മേഖലകളില്‍ സജീവമായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് വളണ്ടിയറും ഭര്‍തൃസഹോദരനും കൂടിയായ സഫീര്‍ കോട്ടക്കലിനെ സഹായിക്കുന്നതിന് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍,ട്രഷറര്‍ റിയാസ്, കണ്‍വീനര്‍ സലീം, ഇസ്മയില്‍ പടിക്കല്‍, യൂനുസ് കൈതകോടനും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും രംഗത്തുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ഖബറടക്കം റിയാദില്‍ നടക്കും.
ടീച്ചറുടെ മരണ വാര്‍ത്ത റിയാദിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. ചികിസയിലായിരുന്നുവെങ്കിലും രോഗശമനം നേടി റിയാദിലെ പൊതു പ്രവര്‍ത്തനത്തിലേക്ക് അവര്‍ തിരിച്ചെത്തുമെന്നായിരുന്നു വനിതകളടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷ. പ്രവാസ ലോകത്ത് വനിതാകൂട്ടായ്മക്ക് നേതൃത്വം നല്‍കിയ ടീച്ചര്‍ക്ക് വനിതകള്‍ക്കിടയില്‍ ഒട്ടേറെ ശിഷ്യരാണുള്ളത്. ടീച്ചറുടെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും എം ജി എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും റിയാദ് കെഎംസിസിയും റിയാദിലെ വിവിധ സാംസ്‌കാരിക സംഘടനകളും വനിതാകൂട്ടായ്മകളും അഗാധമായ ദുഃഖം രേഖപ്പെടുത്തി .