ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും നവീന ആയുധങ്ങളും വിതരണം ചെയ്യുന്ന ഇറാന്റെ നടപടി സഊദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കുറ്റപ്പെടുത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിതരണം ചെയ്യുന്ന ഇറാനെ കിരീടാവകാശി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അപലപിച്ചു. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിന് സഊദി അറേബ്യക്കൊപ്പം ബ്രിട്ടണ്‍ നിലയുറപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
സഊദി അറേബ്യക്കെതിരെ ഹൂഥികള്‍ നടത്തുന്ന ആക്രമണത്തില്‍ ഇറാന് നേരിട്ട് പങ്കുള്ളതായി സഊദി മന്ത്രിസഭയും ഇന്നലെ കുറ്റപ്പെടുത്തി. സഊദിക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള ആയുധങ്ങള്‍ ഹൂഥികള്‍ക്ക് നല്‍കുന്നത് ഇറാനാണ്. യു.എന്‍ രക്ഷാ സമിതി പ്രമേയം ലംഘിച്ചാണ് ഹൂഥികളെ ഇറാന്‍ ആയുധമണിയിക്കുന്നതെന്നും മന്ത്രിസഭ പറഞ്ഞു.
അതേസമയം, സഊദി അറേബ്യക്കെതിരായ യുദ്ധത്തില്‍ ലെബനോന്‍ ഉള്‍പ്പെടുന്നത് ഒരിക്കലും അംഗീകരിക്കുന്നതിന് കഴിയില്ലെന്ന് ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള സഹമന്ത്രി സാമിര്‍ അല്‍സബ്ഹാന്‍ പറഞ്ഞു. ലെബനോന്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളെയും ഹിസ്ബുല്ല സ്വാധീനിക്കുകയാണ്. സഊദി അറേബ്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഗവണ്‍മെന്റ് എന്നോണം ലെബനോനെ തങ്ങള്‍ കാണും. സഊദി അറേബ്യക്കെതിരായ ഹിസ്ബുല്ല ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ രാജിവെച്ച പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയെ സല്‍മാന്‍ രാജാവ് അറിയിച്ചിട്ടുണ്ട്. ഹിസ്ബുല്ല മിലീഷ്യ ലെബനോന് സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് ലെബനോന്‍ ഗവണ്‍മെന്റിന് അവബോധമുണ്ടായിരിക്കണമെന്ന് രാജാവ് സൂചിപ്പിച്ചു. സഊദി അറേബ്യക്കെതിരായ മുഴുവന്‍ ഭീകരാക്രമണ ഭീഷണികളിലും ഹിസ്ബുല്ലക്ക് പങ്കുണ്ട്. ഹിസ്ബുല്ലയെ ചെറുക്കുന്നതിന് രാഷ്ട്രീയവും അല്ലാത്തതുമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും. ലെബനീസ് ഗവണ്‍മെന്റ് ഹിസ്ബുല്ലയെ തടയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഹിസ്ബുല്ല സഊദിയിലേക്ക് മയക്കുമരുന്ന് കടത്തുകയും ഭീകരാക്രമണങ്ങള്‍ക്ക് സഊദി യുവാക്കളെ പരിശീലിപ്പിക്കുകയുമാണ്. രാജിവെക്കുന്നതിന് സഅദ് അല്‍ഹരീരിക്ക് മേല്‍ സമ്മര്‍ദമുണ്ടാവുകയായിരുന്നെന്ന വാദം ലെബനോനികളുടെ ശ്രദ്ധ തിരിക്കുന്നതിനുള്ള പച്ചക്കള്ളമാണ്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല മിലീഷ്യകള്‍ ലെബനോനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സാമിര്‍ അല്‍സബ്ഹാന്‍ പറഞ്ഞു. ശനിയാഴ്ചയാണ് സഅദ് അല്‍ഹരീരി രാജിവെച്ചത്.