അഷ്‌റഫ് വേങ്ങാട്ട്
റിയാദ് സഊദിയില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ഡിസംബര്‍ അവസാനത്തോടെ നല്കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തുന്ന വാക്‌സിന്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെപ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞതായും ഈ മാസാവസാനം തന്നെ കുത്തിവെപ്പ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഗ്ദാര്‍ പറഞ്ഞു.
സഊദി ടെലിവിഷനുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കവെയാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്ന സമയത്തെ കുറിച്ച് ഡോ. ഹാനി വ്യക്തമാക്കിയയത്. അതെ സമയം സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അന്തിമ പരിശോധന കൂടി ബാക്കിയുണ്ടെന്ന് നേരത്തെ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വാക്‌സിന്‍ രാജ്യത്തെത്തി കഴിഞ്ഞാല്‍ പ്രതിരോധ മരുന്നിന്റെ ഗുണനിലവാരം സാമ്പിളെടുത്ത് അതോറിറ്റി പരിശോധിക്കും.
ഫൈസര്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണ് കോവിഡ് പ്രതിരോധ മരുന്നിന് എസ് എഫ് ഡി എ അംഗീകാരം നല്‍കിയത്. മരുന്ന് ഇറക്കുമതി ചെയ്യാന്‍ രണ്ടാഴ്ച്ച മുമ്പേ ഫൈസര്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളില്‍ ഒന്നാകും സഊദി.പതിനാറു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് കൊറോണ വാക്‌സിന്‍ നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.