അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലേക്ക് പ്രൊഫഷണൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റുകൾ സഊദി എംബസ്സി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധനയിൽ ഇളവ് നൽകി സഊദി കോൺസുലേറ്റ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപെടുത്തിയാൽ സർട്ടിഫിക്കറ്റ് പിന്നീട് കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നാണ് സഊദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഇന്നലെ സർക്കുലർ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സഊദിയിലേക്ക് വിവിധ ജോലികൾക്കായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തു കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പിലായിരുന്നു.
സർട്ടിഫിക്കറ്റുകൾ എച്ച് ആർ ഡിയും ഫോറിൻ മിനിസ്ട്രിയുടെ അറ്റസ്റ്റേഷൻനും പൂർത്തിയാക്കിയ ശേഷമാണ് കോൺസുലേറ്റ് അറ്റസ്റേഷന് സമർപ്പിക്കുന്നത് . എന്നാൽ അറ്റസ്റ്റേഷൻ ചെയ്ത് സർട്ടിഫിക്കറ്റുകൾ തിരിച്ചു ലഭിക്കാൻ നാല് മുതൽ അഞ്ചു മാസം വരെ കാലതാമസം എടുക്കുന്നത് മൂലം സെലക്ട് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ജോലി നഷ്ടപെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. ഇങ്ങിനെ അറ്റസ്റ്റേഷൻ ചെയ്യാൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് വെരിഫിക്കേഷൻ ചെയ്യുന്നതിനായി അതാത് യൂണിവേഴ്സിറ്റികളിലേക്ക് അയക്കുന്നത് മൂലമാണ് കാലതാമസം നേരിടുന്നത്.
ഇനി മുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ ലഭിച്ചാൽ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുമെന്നാണ് സഊദി കോൺസുലേറ്റ് ഏജൻസികളെ അറിയിച്ചിരിക്കുന്നത്.
കോൺസുലേറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന തീരുമാനം സഊദിയിലേക്ക് ജോലിക്കായി അപേക്ഷിച്ചവർക്കും ഇനി അപേക്ഷിക്കുന്നവർക്കും ഏറെ ആശ്വാസകരമായ വാർത്തയാണ്.