റിയാദ്: രാജകൊട്ടാരത്തില്‍ പ്രതിഷേധിച്ച സഊദി രാജകുമാരന്മാരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള സഊദി വെബ്‌സൈറ്റ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
11 രാജകുമാരന്മാര്‍ രാജാവിന്റെ കൊട്ടാരത്തില്‍ പ്രതിഷേധിക്കുകയും പുറത്തു പോകാനുള്ള നിര്‍ദേശം തള്ളികളയുകയുമായിരുന്നു. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദസാഖ് വെബ്‌സൈറ്റില്‍ പേര് വെളിപ്പെടുത്താതെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജകുടുംബത്തിന്റെ സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാര്‍ഡുകളോട് ഇവരെ അറസ്റ്റു ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
തലസ്ഥാന നഗരമായ റിയാദിലുള്ള ഹായിര്‍ ജയിലിലേക്കാണ് ഇവരെ അയച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയിലുള്ള ജയിലാണിത്. റിയാദ് ഇന്റലിജന്‍സിന് കീഴിലുള്ള ഈ ജയിലിലാണ് ഒട്ടേറെ കൊടുംകുറ്റവാളികളെയും അല്‍ ഖ്വയ്ദ തീവ്രവാദികളെയും അടച്ചിരിക്കുന്നത്. രാജകുമാരന്മാരുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള വിധിയില്‍ നിന്നു സാമ്പത്തിക നഷ്ടപരിഹാരവും രാജകുടുംബങ്ങള്‍ക്കുള്ള ജല-വൈദ്യുതി ബില്ലുകളുടെ കാര്യത്തില്‍ രാജാവ് കൈകൊണ്ട തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം.