റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. എണ്ണയുഗത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രതപ്പെടുത്താനും 2030ല്‍ ലോകത്തെ ഏറ്റവും വലിയ അറബ് സാമ്പത്തിക ശക്തിയാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. തൊഴില്‍ വിസയുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും തീര്‍ഥാടകര്‍ക്കും മാത്രമായിരുന്നു ഇതു വരെ സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
സൗദിയുടെ വാതിലുകള്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് വേണ്ടി തുറന്നിടാനുള്ള തീരുമാനം ചരിത്രപരമാണെന്നാണ് സൗദി ടൂറിസം വകുപ്പ് തലവന്‍ അഹമ്മദ് അല്‍ ഖത്തീബ് പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഇടങ്ങളില്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം വിദേശ വനിതകള്‍ക്ക് വേണ്ടി ലഘൂകരിക്കുമെന്നും അഹമ്മദ് അല്‍ ഖത്തീബ് വ്യക്തമാക്കി. എന്നാല്‍ വിദേശ വനിതകള്‍ ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കാത്ത രീതിയിലുള്ള മാന്യമായ വസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങള്‍ സൗദിയിലുണ്ട്. പരമ്പരാഗതമായ സംസ്‌ക്കാരവും മനംമയക്കുന്ന പ്രകൃതി ഭംഗിയും കൊണ്ട് സമ്പന്നമാണ് ഈ രാജ്യം.