ദുബൈ: ഇരുരാഷ്ട്രങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ മാനം നല്‍കി സംയുക്ത ഡിജിറ്റല്‍ കറന്‍സി വികസിപ്പിക്കാന്‍ സൗദിയും യുഎഇയും. ഇരുരാഷ്ട്രങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികതയെ കുറിച്ചും സാധ്യതയെ കുറിച്ചും പഠിക്കാന്‍ ഇരുബാങ്കുകളും അബെര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കി.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പേയ്‌മെന്റ് സംവിധാനം സുതാര്യമാക്കുകയാണ് ഡിജിറ്റല്‍ കറന്‍സിയുടെ ലക്ഷ്യം. ഇതുവഴി ട്രാന്‍സ്ഫര്‍ സമയവും ചെലവും ചുരുക്കുകയും ചെയ്യാം.
ഇതുസംബന്ധിച്ച് 93 പേജ് വരുന്ന റിപ്പോര്‍ട്ടാണ് ഇരുബാങ്കുകളും പുറത്തുവിട്ടത്. കേന്ദ്രീകൃത പേയ്‌മെന്റ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സംയുക്ത ഡിജിറ്റല്‍ കറന്‍സി സഹായകരമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉഭയകക്ഷി സഹകരണത്തിനായി ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ച അസ്സാം കരാര്‍ പ്രകാരമാണ് പുതിയ കറന്‍സിയെത്തുന്നത്.
കേന്ദ്ര ബാങ്കുകള്‍ക്ക് പുറമേ, ഇരുരാഷ്ട്രങ്ങളിലെ ആറ് വാണിജ്യ ബാങ്കുകളും പദ്ധതിയുടെ ഭാഗമാകും.സൗദിയിലെ ബാങ്ക്‌സ് ഓഫ് റിയാദ്, അല്‍ റജ്ഹി, അല്‍ ഇംന, യുഎയിലെ ദുബൈ ഇസ്‌ലാമിക്, ഫസ്റ്റ് അബുദാബി, ഇന്‍ബിഡി എന്നിവയാണ് ഇവ.