അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .
തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.