റിയാദ്: മൂന്നു വര്‍ഷമായി ഖത്തിറിന് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റതിന് പിന്നാലെയാണ് സൗദിയുടെ തീരുമാനമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനുള്ള ‘സമ്മാന’മായാണ് ഈ തീരുമാനമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായ വേളയിലും മികച്ച നയതന്ത്ര ബന്ധമാണ് സൗദി യുഎസുമായി സൂക്ഷിച്ചിരുന്നത്. ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദിക്ക് അനുകൂലമായ നിലപാടാണ് യുഎസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധ നിലപാടായിരുന്നു ഡെമോക്രാറ്റുകളുടേത്.
2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകളെ ഖത്തര്‍ സഹായിക്കുന്നു എന്നതായിരുന്നു സൗദിയുടെ ആരോപണം.
ആളോഹരി വരുമാനത്തില്‍ ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമായ ഖത്തര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പ്രശ്‌നം തീര്‍ക്കാന്‍ യുഎസ് ഇടപെട്ടിരുന്നു എങ്കിലും സാധിച്ചിരുന്നില്ല. കുവൈത്ത് മധ്യസ്ഥനായി നിന്ന ചര്‍ച്ചകളും അരങ്ങേറിയിരുന്നു. എന്നാല്‍ ഇതും ഫലവത്തായില്ല.
ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സൗദിയുടെയും സഖ്യരാഷ്ട്രങ്ങളിലൂടെയും മുകളിലൂടെ വീണ്ടും പറക്കുമെന്ന് ഈയിടെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രസ്താവനയിറക്കിയിരുന്നു. എഴുപത് ദിവസത്തിന് അകം ഖത്തറിന് ഏര്‍പ്പെടുത്തിയ വ്യോമയാത്രാ നിരോധം നീക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.