റിയാദ്: മുസ്‌ലിം രാഷ്ട്രങ്ങളില്‍ പെരുകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ ഇസ്‌ലാമിക് രാഷ്ട്രങ്ങള്‍. തീവ്രവാദ വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനു സഊദിയില്‍ ചേര്‍ന്ന 41 ഇസ് ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം. 41 ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗം സഊദിയില്‍ ആരംഭിച്ചു. ഈ യോഗത്തിലാണ് തീവ്രവാദത്തിനെതിരെ പോരാടന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഈജിപ്തിലെ സീനായില്‍ മുസ് ലിം പള്ളിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രങ്ങള്‍ തീവ്രവാദ വിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുക എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ യശസ് കളങ്കപ്പെടുത്തുന്നു എന്നും ഇതു ഒരു കാരണവശാലും അനുവദിക്കരുതെന്നും ഉച്ചകോടി വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പരസ്പരം കൈകോര്‍ക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
തീവ്രവാദികളുടെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാകുന്നതിനു ഉയര്‍ന്ന പരിഗണന നല്‍കണമെന്നും തീവ്രവാദം പൂര്‍ണമായും തുടച്ചു നീക്കം ചെയ്യും വരെ പോരാട്ടം തുടരണണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
മുസ്‌ലിം രാഷ്ട്രങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ലക്ഷം പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി തീവ്രവാദ വിരുദ്ധ സംഘടന. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണിത്. ഇസ് ലാമിക് രാഷ്ട്രങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നടത്തിയ നരഹത്യയില്‍ ലക്ഷകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് തീവ്രവാദ വിരുദ്ധ സഖ്യം പുറത്തു വിട്ട റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന തീവ്രവാദ പോരാട്ടത്തിനിടെ 348 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളും സംഭവിച്ചു. സാമ്പത്തികമായി മുസ്‌ലിം രാജ്യങ്ങള്‍ ഏറെ പിന്നോക്കം പോയി. ഇറാഖ്, അഫ്ഗാന്‍, നൈജീരിയ, പാകിസ്താന്‍ എന്നീ രാഷ്ട്രങ്ങളിലാണ് 72 ശതമാനം ആളുകളും കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷം മുന്‍പാണ് തീവ്രവാദത്തിനെതിരെ സഊദിയുടെ നേതൃത്വത്തില്‍ 41 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഈ മാസം റിയാദില്‍ നടന്ന അറബ്-യുഎസ് ഇസ്‌ലാമിക് സമ്മിറ്റില്‍ തീവ്രവാദത്തിനെതിരെ ഇറാഖില്‍ നടക്കുന്ന പോരാട്ടത്തില്‍ 34,000 പേര്‍ അടങ്ങുന്ന സൈനിക വ്യൂഹത്തെ അയക്കാന്‍ തീരുമാനമായിരുന്നു.