അഷ്‌റഫ് വേങ്ങാട്
റിയാദ്
വിശുദ്ധ ഗേഹത്തിന് പുതുവര്‍ഷ പുലരിയില്‍ പുതുമോടി. ഹിജ്‌റ മാസാരംഭത്തില്‍ പുണ്യ കഅബാലയത്തിന്റെ പഴയ കിസ്‌വ മാറ്റി പതിയ കിസ്‌വ അണിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ സംഗമിക്കുന്ന വേളയിലയിലായിരുന്നു കിസ്‌വ മാറ്റിയിരുന്നത്. ഇത്തവണ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് പുതുവര്‍ഷ ദിനമായ മുഹറം ഒന്നിലേക്ക് മാറ്റിയത്.
ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് മേല്‍നോട്ടത്തില്‍ കിസ്‌വ ഫാക്ടറിയിലെ ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചയോടെ കിസ്‌വ മാറ്റല്‍ ചടങ്ങ് പൂര്‍ത്തീകരിച്ചത്. നാള്‍ മണിക്കൂറോളം നീണ്ട കിസ്‌വ മാറ്റുന്ന ചടങ്ങിന് ആയിരകണക്കിന് വിശ്വാസികളും സാക്ഷികളായി. കഅബയെ അണിയിക്കാനുള്ള പുത്തന്‍ കിസ്‌വ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ മുഖ്യ സൂക്ഷിപ്പുകാരനായ ഡോ . സ്വാലിഹ് അഷൈബിക്ക് കൈമാറിയിരുന്നു. നൂറാമത്തെ കിസ്‌വയാണ് ഇന്നലെ വിശുദ്ധ കഅബയെ അണിയിച്ചതെന്ന് ഇരുഹറം കാര്യാലയം മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.
ഹിജ്‌റ 1343 ല്‍ ആധുനിക സഊദിയുടെ ശില്‍പിയായി അറിയപ്പെടുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ വിശുദ്ധ കഅബക്ക് മൂടുപടം അണിയിച്ചിരുന്നു. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സില്‍ 220 ഓളം ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്ന സംഘമാണ് എട്ട് മുതല്‍ ഒമ്പത് മാസം വരെയുള്ള സമയത്തിനുള്ളില്‍ കിസ്‌വയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 120 കിലോഗ്രാം സ്വര്‍ണ്ണ കമ്പികളും നൂറു കിലോഗ്രാം വെള്ളിയും 670 കിലോഗ്രാം അസംസ്‌കൃത പട്ടും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മ്മാണം. സ്വര്‍ണ്ണ വെള്ളി നൂലുകള്‍ കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്ലാമിക കാലിഗ്രാഫിയും ചെയ്യുന്ന കിസ്‌വയുടെ നിര്‍മ്മാണത്തിന് രണ്ട് കോടിയിലേറെയാണ് ചെലവ് വരുന്നത് .