X

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി സഊദി വര്‍ധിപ്പിച്ചു

ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി അറേബ്യ. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. പുതുതായി 30,000 പേര്‍ക്ക് കൂടി അവസരം നല്‍കുന്നതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി വര്‍ധിക്കുക. ഇതു സംബന്ധിച്ച ഉറപ്പ് സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ നല്‍കിയതായാണ് വിവരം.
ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് സഊദി രാജകുമാരന്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചത്. ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ ആയതിനാല്‍ ഈ വര്‍ഷം തന്നെ പ്രയോജനം ലഭ്യമാക്കാനാകുമോ എന്ന പരിശോധനയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.

ഹജ്ജ് സീറ്റിന്റെ അഭാവം ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായ വിവരം സഊദിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാമെന്ന് സഊദി അറിയിച്ചത്. വ്യാപാരം, നിക്ഷേപം തുടങ്ങി നയതന്ത്രപരമായ വിഷയങ്ങളില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നതായി സര്‍്ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ധാരണയായി. വര്‍ഷാവസാനം റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് പ്രധാനമന്ത്രിയെ സഊദി രാജകുമാരന്‍ ക്ഷണിച്ചതായും പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

chandrika: