ഹാശിം പകര
ഭീതിതമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയാണ് മധ്യേഷ്യയിലെ എണ്ണപ്പാടങ്ങളില്‍ രൂപപ്പെട്ട് വരുന്നത്. പ്രബല ശക്തികളായ ഇറാനും സഊദിയും തമ്മിലുള്ള പ്രശ്‌നം മേഖലയില്‍ യുദ്ധാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഊദിയിലെ ബഹുമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടങ്ങള്‍ക്കും സംസ്‌കരണശാലകള്‍ക്കും മേല്‍ യമനി ഹൂഥികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്നാണ് കാലങ്ങളായി വിശ്വാസത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ പോരടിച്ചിരുന്ന ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കം മൂര്‍ഛിച്ചത്. ആക്രമണ വിശദാംശങ്ങള്‍ തെളിവു സഹിതം പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും തങ്ങളതിനു ഉത്തരവാദികളല്ലെന്നു ഇറാന്‍ തിരിച്ചടിക്കുകയുണ്ടായി.
ലോക സാമ്പത്തിക ക്രമത്തെ സാരമായി ബാധിച്ചേക്കാവുന്ന സഊദി-ഇറാന്‍ നയതന്ത്രയുദ്ധം ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. ഡ്രോണ്‍ ആക്രമത്തെതുടര്‍ന്ന് എണ്ണയുടെ വില 28 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനരേഖപ്പെടുത്തിയിരുന്നു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുള്ള എണ്ണ സംസ്‌കരണ കേന്ദ്രങ്ങളുടെ അടച്ചുപൂട്ടല്‍ പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ അസംസ്‌കൃത സംസ്‌കരണത്തെ ബാധിക്കുമെന്നും ഇത് സഊദി അറേബ്യയുടെ ആഗോള ദൈനം ദിനം കയറ്റുമതിയുടെ പകുതിയിലധികവും ലോകത്തെ പ്രതിദിന എണ്ണ ഉത്പാദനത്തിന്റെ അഞ്ച് ശതമാനത്തിലധികവും കുറവ് വരുത്തുമെന്നും അരാംകോ വ്യക്തമാക്കിയിരുന്നു. ഭാവിയിലെ ആക്രമണ ഭീഷണികള്‍ ആഗോള എണ്ണ വിതരണത്തെ അപകടത്തിലാക്കുമെന്നും ഈ ആഘാതം വിലയെ സാരമായി ബാധിക്കുമെന്നും ക്ലിയര്‍വ്യൂ എനര്‍ജി പാര്‍ട്ട്ണസ് മാനേജിങ് ഡയറക്ടര്‍ കെവിന്‍ ബുക്ക് പറയുകയുണ്ടായി.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ തന്നെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നിരിക്കെ ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ സായുധ സംഘട്ടത്തിനു മുതിര്‍ന്നാല്‍ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ലോകത്ത് രൂപപ്പെടുക. യാഥാര്‍ഥ്യ ബോധത്തോടെയും ക്രിയാത്മകവുമായിരിക്കണം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത്. എന്നാല്‍ തികച്ചും പ്രകോപനപരമായാണ് അമേരിക്ക വിഷയത്തെ സമീപിക്കുന്നത്. അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ ഹൂഥി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണം ഇറാന്റെ പിന്തുണയോടെ തന്നെയാണെന്നും യുദ്ധ സമാനമായ സാഹചര്യത്തില്‍ സഊദിയെ സൈനികപരമായി സഹായിക്കാന്‍ തങ്ങള്‍ ഒരുക്കമാെണന്നും ഈ പശ്ചാതലത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോട് ട്വീറ്റു ചെയ്യുകയുണ്ടായി.
പെന്റഗണും പ്രസിഡന്റ് ട്രംപിന് ഇറാനെതിരുള്ള സൈനിക നീക്കത്തിന്റെ സാധ്യതകള്‍ വിശദീകരിച്ച് കൊടുക്കാന്‍ മുന്നോട്ട്‌വന്നു. സമവായ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതിന്പകരം മിഡില്‍ ഈസ്റ്റിലെ പ്രബല ശക്തികളെ തമ്മിലടുപ്പിച്ചു എരുതീയില്‍ എണ്ണയൊഴിക്കുന്ന കുടില നയതന്ത്രമാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുവേണ്ടി അമേരിക്ക മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നില്ല എന്നിരിക്കെ ആക്രമണത്തിനു പ്രതികാരമായി ഇറാനെതിരെ സൈനിക തിരിച്ചടി നടത്താന്‍ സഊദിയെ പ്രേരിപ്പിക്കുന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണ്. എന്നാല്‍ അമേരിക്കക്കെതിരെ ചൈനയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത്‌വന്നിട്ടുണ്ട്.
ഒരുപക്ഷേ വലിയ കോളിളക്കങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടുനീങ്ങിയിരുന്ന രണ്ടു രാഷ്ട്രങ്ങളില്‍ സംഘര്‍ഷഭരിതമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചതും ഇറാനെ അനാവശ്യമായി വിറളി പിടിപ്പിച്ചതും അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇറാനുമായുള്ള ആണവ കരാറില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതും കടുത്ത വ്യാപാരോപരോധം പുനസ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍ നിരന്തര ഭീഷണിയായിരുന്ന ഇറാനെ വ്യാപാര യുദ്ധത്തിലൂടെ തങ്ങളുടെ ചൊല്‍പ്പടിക്കുനിര്‍ത്താനുള്ള അമേരിക്കയുടെ ശ്രമം വിഫലമായതോടൊപ്പം ഇറാന്റെ കുടിപ്പക വര്‍ധിച്ച് പ്രതിലോമ പ്രതിഫലനങ്ങള്‍ മേഖലയില്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് സെപ്തംബര്‍ 14ലെ ഡ്രോണ്‍ ആക്രമണം.
ആക്രമണത്തില്‍ ടെഹ്രാന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും, അത് മേഖലയിലെ ഇറാന്റെ സ്വാധീനവും ശേഷിയും അടയാളപ്പെടുത്തുന്നതാണ്. കാരണം, പ്രസ്തുത ആക്രമണത്തില്‍ സഊദി അറേബ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുപോലും സംരക്ഷിക്കുന്നതില്‍ സഊദി വ്യോമ പ്രതിരോധ വിഭാഗം പരാജയപ്പെടുകയുണ്ടായി. അമേരിക്ക ആരോപിക്കുംപോലെ ഇറാന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെങ്കില്‍ ഇറാനുതന്നെ അത് വലിയ തലവേദയാകും. യമനില്‍ നിന്നാണെങ്കിലും ഹൂഥി വിമതര്‍ക്കു സായുധ സഹായവാഗ്ദാനം ചെയ്യുന്ന ഇറാന്‍ സംശയത്തിന്റെ നിഴലില്‍ തുടരും. ഏതുവിധേനയും ഇറാന് പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാനായിരിക്കും വിധി. പക്ഷേ ഇറാന്റെ മേല്‍ പരമാവധി സമ്മര്‍ദം ചൊലുത്തുന്ന ട്രംപ് അവരുടെ പ്രതിരോധ പ്രതിപ്രവര്‍ത്തനത്തിന്റെ അളവ് മുന്‍കൂട്ടികാണുന്നതില്‍ പരാജയപ്പെട്ടു.
ഇറാന്‍ കരാര്‍ ലംഘിച്ചിട്ടില്ല എന്ന ആഗോള രാഷ്ട്രങ്ങളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പിച്ചിച്ചീന്തി അമേരിക്ക ഏകപക്ഷീയമായി പിന്മാറിയപ്പോള്‍ ഇറാന്‍ ഒരു വര്‍ഷം കാത്തുനിന്നു; സഖ്യകക്ഷികളായ ചൈന,റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നീ ലോക രാഷ്ട്രങ്ങളുടെ അഭിപ്രായം മാനിച്ചു അമേരിക്ക കരാര്‍ പുതുക്കുമെന്ന പ്രതീക്ഷയില്‍. പക്ഷേ വല്യേട്ടന്‍ ചമഞ്ഞ് അമേരിക്ക ഇറാനെതിരെ വ്യാപാരയുദ്ധത്തിലൂടെ കൂടുതല്‍ സമ്മര്‍ദം ചൊലുത്തി ഇറാന്റെ സമ്പദ്ഘടന അസ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. 2019 ആയപ്പോഴേക്കും ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഓയില്‍ വ്യവസായം ഫലപ്രദമായ രൂപത്തില്‍ പിടിച്ചുകെട്ടാന്‍ അമേരിക്കക്കു സാധിച്ചു. എന്നാല്‍ അടിത്തറയിളകിയ സമ്പദ്ഘടനയും വര്‍ധിച്ചുവരുന്ന ഉപരോധ സമ്മര്‍ദങ്ങളും പുതിയ പ്രതിരോധനീക്കങ്ങള്‍ സ്വീകരിക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കി. ക്രമാനുഗതമായി ആണവ കരാര്‍ ലംഘിക്കാനും അറേബ്യ-ഗള്‍ഫ് കടലിടുക്കുകള്‍ക്കിടയിലെ ചെക്ക്‌പോസ്റ്റായ ഹൊര്‍മൂസിലൂടെ വിതരണം ചെയ്യപ്പെടുന്ന ഓയില്‍ സപ്ലൈ നിയന്ത്രിക്കാനും ഇറാന്‍ തീരുമാനിച്ചു.
കഴിഞ്ഞ മെയില്‍ സഊദി അറേബ്യ, ജപ്പാന്‍, നോര്‍വെ എന്നീ രാഷ്ട്രങ്ങളുടെ ഉടമസ്ഥതയിലുള്ള എണ്ണ കപ്പലുകള്‍ ഹൊര്‍മൂസില്‍വെച്ച് ആക്രമിക്കപ്പെടുകയും തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ചു ഇറാന്‍ അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. ജൂലൈയില്‍ ജിബ്രാള്‍ട്ടറില്‍വെച്ച് ബ്രട്ടീഷ് സൈന്യം ഇറാന്റെ എണ്ണ കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ ബ്രിട്ടന്റെ എണ്ണ കപ്പല്‍ തിരിച്ചുപിടിച്ചാണ് ഇറാന്‍ മറുപടി നല്‍കിയത്. എന്നാല്‍ അമേരിക്കയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും ഇറാന് തങ്ങളുടെ എണ്ണകപ്പല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചു. തങ്ങളുടെ സാമ്പത്തിക അടിത്തറ മാന്തുന്ന വ്യാപാരയുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റേതു രാഷ്ട്രത്തിന്റേയും എണ്ണ വ്യാപാരത്തിനു വിലങ്ങുതടിയായി നില്‍ക്കുമെന്ന ശക്തമായ താക്കീതാണ് കഴിഞ്ഞ അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ ലോകത്തിനു കൈമാറിയത്.
ഇത് വളരേ ശ്രമകരമായ യജ്ഞമാണ്, പ്രത്യേകിച്ച് ഇറാനിലെ പരമോന്നത മതനേതാവ് ആയത്തുള്ള ഖുമേനി പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രി സാരിഫിനും പിന്തുണ പ്രഖ്യാപിച്ച പശ്ചാതലത്തില്‍. ഇറാന്‍ എന്തിനും സുസജ്ജമാണ്; അന്തിമ നേട്ടത്തിനായി ചില വിപത്തുകള്‍ നേരിടാനും തങ്ങളെ നിരന്തരം ചൊടിപ്പിക്കുന്ന പ്രതിയോഗികളെ നിഷ്‌കരുണം നിഗ്രഹിക്കാനും. ട്രംപില്‍നിന്നും വ്യത്യസ്തമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്രിയാത്മകമായാണ് ഇറാന്റെ വിഷയത്തില്‍ ഇടപെട്ടിരുന്നത്. അദ്ദേഹം ഇറാനെതിരെ ഏകപക്ഷീയമായ ഒരു നീക്കത്തിനും മുതിര്‍ന്നില്ല. സഖ്യകക്ഷികളുടേയും ലേകരാഷ്ട്രങ്ങളുടേയും താല്‍പര്യം മാനിച്ചു യു. എന്‍ അംഗീകൃത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും സമഭാവനയുടേയും സമാധാനത്തിന്റേയും കൂട്ടുചര്‍ച്ചക്കായി ഇറാനെ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയുമായുള്ള അനാരോഗ്യ ബന്ധം വകവെക്കാതെ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ചെകുത്താന്മാരായി കണക്കാക്കുന്നവര്‍ക്കൊപ്പം രമ്യതയുടെ മാര്‍ഗമാവാം എന്ന രാഷ്ട്രീയനയം രുപീകരിച്ചു. ഒബാമക്ക് ഒരുപക്ഷേ ഏകപക്ഷീയമായി നീങ്ങാമായിരുന്നു, ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയോ സൈന്യത്തെ വിന്യസിച്ചോ ഇറാനെ അടക്കിനിര്‍ത്താമായിരുന്നു. ഇത്തരമൊരു നീക്കത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം മുന്‍കുട്ടികണ്ടു വിഷയത്തില്‍ രജ്ഞിപ്പിന്റേയും സമവായത്തിന്റേയും നയതന്ത്രമാണ് ഒബാമ കൈകൊണ്ടത്.
എന്നാല്‍ സഊദി-ഇറാന്‍ വിഷയത്തില്‍ പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തി അനാവശ്യമായി ഇറാനെ ചൊടിപ്പിക്കാനാണ് ട്രംപ് കരുതുന്നത്. ഇറാനെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ സഊദി അറേബ്യയെ സഹായിക്കാമെന്നും ഇറാനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കുമെന്നുമുള്ള പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ട്രംപിന്റെ നെറികെട്ട നീക്കമാണ്. എന്നാല്‍ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ യുദ്ധത്തിനു വഴിയൊരുക്കിയേക്കാമെന്ന പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മറുപടി ഉദ്വേഗത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.