X
    Categories: gulfNews

യുഎസ് പോര്‍വിമാനങ്ങള്‍ക്ക് സഊദി വ്യോമസേനയുടെ അകമ്പടി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദി വ്യോമ പാതയിലൂടെ കടന്നുപോയ രണ്ട് യു എസ് ബി52 പോര്‍ വിമാനങ്ങള്‍ക്ക് രാജ്യാതിര്‍ത്തിയില്‍ സഊദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പ്രഹര ശേഷിയുള്ള അമേരിക്കയുടെ യുദ്ധവിമാനങ്ങളില്‍ പെട്ടതാണ് ബി 52 യുദ്ധ വിമാനങ്ങള്‍. വ്യത്യസ്തങ്ങളായ ആയുധങ്ങളുടെ വന്‍ ശേഖരം വഹിക്കാനും ശത്രുവിന്റെ ലക്ഷ്യങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനുമുള്ള ശേഷി ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. യുദ്ധവിമാനങ്ങള്‍ ഗള്‍ഫ് മേഖയിലേക്ക് എത്താനുള്ള സാഹചര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള ദൗത്യമാണ് നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഊദിയും അന്താരാഷ്ട്ര പങ്കാളികളും പരസ്പരം യോജിപ്പിന്റെയും ഏകോപനത്തിന്റെയും മാര്‍ഗത്തില്‍ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിന്ന് നിരന്തര ശ്രമം നടക്കുന്നതിന്റെ ഭാഗമാണിത്. ആശയവിനിമയം, ആസൂത്രണം, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ തമ്മിലുള്ള സംയോജനം കൈവരിക്കുന്നതിന് സഊദി വ്യോമസേന ഉദ്യോഗസ്ഥര്‍ സഖ്യ രാജ്യങ്ങളിലെ വ്യോമസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും എസ് പി എ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതെ സമയം പോര്‍വിമാനങ്ങളുടെ സാന്നിധ്യം ഗള്‍ഫ്‌മേഖലയില്‍ ഇറാന്റെ ഭീഷണിക്കുള്ള മുന്‍കരുതലാണെന്ന് സൂചനയുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഭീമന്‍ പോര്‍വിമാനങ്ങള്‍ ഗള്‍ഫ് അതിര്‍ത്തികളിലെത്തുന്നത്.

 

web desk 1: