X
    Categories: CultureMoreNewsViews

സൗദിയുടെ കാരുണ്യ സ്പര്‍ശം; രോഗിയായ അമ്മയെ സൗദിയില്‍ എത്തിച്ച് പരിചരിച്ച വ്യക്തിക്ക് വന്‍തുക പിഴ ഒഴിവാക്കി

കോഴിക്കോട്: രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയില്‍ എത്തിച്ച് പരിചരിച്ച കോഴിക്കോട് സ്വദേശിക്ക് സൗദി ഭരണകൂടത്തിന്റെ കാരുണ്യ സ്പര്‍ശം. ദമാമിലെ കമ്പനി ജീവനക്കാരനായ വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിന്റെ മാതൃസ്‌നേഹത്തിന് പ്രതിഫലമായാണ് സൗദി അധികൃതര്‍ കാരുണ്യ ഹസ്തം നീട്ടിയത്. അനധികൃതമായി അമ്മയെ താമസിപ്പിച്ചതിന് 15000 റിയാലാണ് (മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) സന്തോഷിന് പിഴ ഒടുക്കേണ്ടിയിരുന്നത്. അള്‍ഷിമേഴ്‌സ് രോഗിയായ അമ്മ ചന്ദ്രവല്ലിയെ സന്ദര്‍ശക വിസയിലാണ് സൗദിയില്‍ എത്തിച്ചത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടര്‍ന്നതിനാണ് വന്‍തുക പിഴ ഒടുക്കേണ്ടിയിരുന്നത്.

എന്നാല്‍ രോഗിയും വൃദ്ധയുമായ അമ്മയെ പരിചരിക്കുന്നതിനാണ് ഇവിടെ നിര്‍ത്തിയതെന്ന് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ മാനുഷിക പരിഗണന നല്‍കിയാണ് വന്‍ പിഴ ഒഴിവാക്കിയത്. വര്‍ഷങ്ങളായി പല തവണ വിസിറ്റിംഗ് വിസയില്‍ സഊദിയില്‍ വന്നു പോകാറുള്ള മാതാവ് മൂന്ന് വര്‍ഷം മുമ്പാണ് സഊദിയില്‍ എത്തിയത്. അള്‍ഷിമേഴ്‌സ് രോഗം മൂര്‍ഛിച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാനായില്ല. വിസ കാലാവധി തീര്‍ന്നിട്ടും മകന്റെ പരിചരണത്തില്‍ കഴിഞ്ഞ ഇവര്‍ക്ക് 15000 റിയാല്‍ പിഴയായി വിധിക്കുകയായിരുന്നു.

അച്ഛന്‍ മരിച്ചതോടെ നാട്ടില്‍ ഒറ്റപ്പെട്ട അമ്മയെ പത്ത് വര്‍ഷം മുമ്പാണ് ആദ്യമായി സഊദിയിലേക്ക് കൂട്ടിയത്. അന്ന് സന്തോഷ് വിവാഹം കഴിച്ചിരുന്നില്ല. കമ്പനിയില്‍ ജോലിക്ക് പോകുമ്പോള്‍ ദമാമിലെ താമസ സ്ഥലത്ത് അമ്മക്കുള്ള ഭക്ഷണം ഒരുക്കിവെച്ച് പോകുന്ന സന്തോഷ് ഉച്ചക്ക് ഒരു മണിക്കൂറിന്റെ ഇടവേളയില്‍ എത്തിയാണ് ഭക്ഷണവും മരുന്നും നല്‍കിയിരുന്നത്. വിവാഹ സമയത്ത് സന്തോഷ് ഭാര്യക്ക് മുന്നില്‍ വെച്ച ഏക നിബന്ധനയും അമ്മയെ നോക്കണമെന്നായിരുന്നു. ഇതുവരെ ഭാര്യ ശ്രീജ അക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സന്തോഷ് പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: