റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. വ്യാഴാഴ്ച നജ്‌റാന്‍ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു.
സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണമാണ് നടത്തുന്നതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കഴിഞ്ഞ മേയ് മാസം മുതല്‍ യമനില്‍ നിന്ന് നിരവധി ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തുന്നത്. ജൂണില്‍ സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹൂതികള്‍ക്കെതിരായ വ്യോമാക്രമണം അറബ് സഖ്യസേന ശക്തമാക്കിയിരുന്നു.