ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട മലയാളി. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതാഘാതം ഏറ്റതാണ് മരണകാരണം. മൃതദേഹം മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച മൂന്നു പേരില്‍ മലയാളിയടക്കം രണ്ടു പേര്‍ വൈദ്യുതഘാതമേറ്റും ഒരാള്‍ താമസസ്ഥലം നിലംപതിച്ചുമാണ് മരണപ്പെട്ടത്ത്. മൂന്നു പേരുടെയും മരണ വാര്‍ത്ത ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം സ്ഥിരീകരിച്ചു.
മക്കയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ദുരിതത്തിലായ പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.53.9 മില്ലിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്. കനത്ത മഴ തുടര്‍ന്നാല്‍ പ്രദേശങ്ങളിലെ ജീവിതം വീണ്ടും ദുസ്സഹമാവും. ദുരിതബാധിത സ്ഥലങ്ങള്‍ മക്കാ ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സന്ദര്‍ശിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ പെയ്ത ശക്തമായ മഴയ്ക്ക് ശേഷം ബുധനാഴ്ചയും വീണ്ടും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജിദ്ദ,ത്വായിബ് എന്നിവടങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചത് മുന്‍കരുത്തലുകള്‍ എടുക്കാന്‍ ജനങ്ങള്‍ക്ക് സഹായമായി. അതേസമയം മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ നിലയത്തിലെ ഉപകരണങ്ങള്‍ തകരാറിലായി. തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു.
കനത്ത മഴ തുടര്‍ന്ന് ബുധനാഴ്ച മക്ക പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കഴിയുന്നത്ര വേഗത്തില്‍ കൈക്കൊള്ളാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സഊദ് അബ്ദുല്ല അല്‍മുഅജീബ് തദ്ദേശഭരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.