X
    Categories: gulfNews

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സഊദി; 327 പേര്‍ക്ക് രോഗബാധ, 257 പേര്‍ക്ക് രോഗമുക്തി

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. 257 പേര്‍ക്ക് രോഗശമനമുണ്ടായി. നാല് പേരാണ് മരിച്ചത്. കോവിഡ് ബാധ കൂടുതല്‍ കണ്ടെത്തിയത് റിയാദിലാണ് 134 പേര്‍ക്ക് . കിഴക്കന്‍ പ്രവിശ്യ 67 , മക്ക 38 , അല്‍ബാഹ 17 , അല്‍ ഖസീം 13 , മദീന 11 , അസീര്‍ 10 , ഹായില്‍ 10 , നജ്റാന്‍ 8, ഉത്തര അതിര്‍ത്തി 6 , ജിസാന്‍ 6 അല്‍ജൗഫ് 5 , തബൂക്ക് 2 , എന്നിവിടങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു . ഇപ്പോള്‍ രാജ്യത്ത് 2228 പേര്‍ ചികിത്സയിലുണ്ട്.ഇവരില്‍ 385 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 369575 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 360954 ഉം മരണപെട്ടവരുടെ എണ്ണം 6393 ഉം ആയി.

കോവിഡ് കേസുകളില്‍ കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ നേരിയ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തൊന്നാകെ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഒട്ടേറെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കിന് പുറമെ റിയാദ് , കിഴക്കന്‍ പ്രവിശ്യ , ജിദ്ദ എന്നിവിടങ്ങളില്‍ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ തവക്കല്‍ന ആപ് നിര്‍ബന്ധമാക്കി. പള്ളികളില്‍ കര്‍ശനമായ നിര്‍ദേശം നല്‍കി. ബാങ്ക് , നിസ്‌കാര സമയക്രമത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് ബാധ എണ്ണം കൂടുന്ന പക്ഷം പള്ളികള്‍ അടച്ചിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

റസ്‌റോറന്റുകളില്‍ അടുത്ത പത്ത് ദിവസം പാര്‍സല്‍ മാത്രമാക്കി. വിവാഹ, പാര്‍ട്ടി ചടങ്ങുകള്‍ക്ക് ഒരു മാസവും വിനോദപരിപാടികള്‍ക്ക് പത്ത് ദിവസവും വിലക്കേര്‍പ്പെടുത്തി. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍ , സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവ പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടു. സാമൂഹിക ചടങ്ങുകളില്‍ ഇരുപത് പേരില്‍ അധികം പേരെ പങ്കെടുപ്പിക്കാന്‍ പാടില്ല. ശൈത്യവും ഒപ്പം പൊതുജനങ്ങളുടെ അശ്രദ്ധയും മഹാമാരിയെ നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നതായി മന്ത്രാലയങ്ങള്‍ കണ്ടെത്തിയിരുന്നു . പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെന്നും പറയപ്പെടുന്നു.

 

web desk 1: