X
    Categories: gulfNews

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം; സഊദിയില്‍ ഇന്ന് 173 പേര്‍ക്ക് കോവിഡ്

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ ഇന്ന് 173 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 181 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടി. മരണ നിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദിനമാണിന്ന് . മൂന്ന് പേരാണ് ഇന്ന് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3646613 ത്തില്‍ 356382 പേര്‍ക്കും രോഗം ഭേദമായി. നിലവില്‍ 1918 പേരാണ് ചികിത്സയിലുള്ളത് . ഇതില്‍ 310 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6313 ആയി .

രാജ്യത്തുള്ള സ്വദേശികളും വിദേശികളും പൂര്‍ണ്ണമായും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
പുറത്തിറങ്ങുമ്പോഴും ഒന്നിലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണമെന്നും മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി .

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച്ച വരുത്തിയാല്‍ പിഴയുള്‍പ്പടെയുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. മാസ്‌ക് ധരിക്കുന്നതില്‍ അശ്രദ്ധ കാട്ടിയ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം അധികൃതര്‍ ആയിരം റിയാല്‍ പിഴ ചുമത്തിയിരുന്നു.

അതോടൊപ്പം രാജ്യത്ത് കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സംഗമങ്ങള്‍ പാടില്ലെന്ന് ആഭ്യന്തര ആരോഗ്യ മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഇത്തരം അമ്പതിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ശ്രദ്ദയില്‍ പെട്ടാല്‍ സംഘാടകരില്‍ നിന്ന് എണ്‍പതിനായിരം റിയാല്‍ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ആദ്യ തവണ പിടിയിലായാല്‍ ഇത് നാല്‍പതിനായിരം റിയാലാകും. രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ എണ്‍പതിനായിരം റിയാല്‍ അടക്കേണ്ടി വരും. ഒപ്പം പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരും പിടിയിലാകുന്നത് ആദ്യ തവണയാണെങ്കില്‍ അയ്യായിരം റിയല്‍ വീതം പിഴ നല്‍കേണ്ടി വരും. രണ്ടാം തവണ പതിനായിരം റിയാല്‍ പിഴയൊടുക്കേണ്ടിവരും. ഓരോ തവണയും പിഴ ഇരട്ടിയായി വര്‍ധിക്കും. കൂടാതെ സംഘാടകര്‍ക്കെതിരെയും സ്ഥാപനങ്ങളുടെ ഉടമകളക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും.

 

Test User: