X

ഭീകരതയെ ഇസ്‌ലാമുമായി ബന്ധിപ്പിക്കേണ്ട; ഫ്രാന്‍സിനെതിരെ സൗദി

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു കൊണ്ടുള്ള കാര്‍ട്ടൂണുകളെ അപലപടിച്ച് സൗദി അറേബ്യ. ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രവാചക കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സൗദി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

‘ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതു ശ്രമങ്ങളെയും സൗതി അപലപിക്കുന്നു. മുഹമ്മദ് നബിയെ അധിക്ഷേപകരമായി ചിത്രീകരിച്ച കാര്‍ട്ടൂണുകളെയും അപലപിക്കുന്നു’ – പ്രസ്താവനയില്‍ സൗദി വ്യക്തമാക്കി.

കാര്‍ട്ടൂണുകള്‍ സ്‌കൂളില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ കഴിഞ്ഞയാഴ്ച അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം ഇസ്‌ലാമിക ഭീകരവാദമാണ് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ വിശേഷിപ്പിച്ചിരുന്നു. ഇന്നലെ അറബിയില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ഇതിനു മുമ്പില്‍ കീഴടങ്ങില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. കുവൈത്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ഫ്രഞ്ച് ഉത്പന്നങ്ങളുടെ റാക്കുകള്‍ കാലിയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബഹിഷ്‌കരണം നിര്‍ത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനായുള്ള അനുനയ ശ്രമങ്ങള്‍ തുടരുകയാണ്.

Test User: