X

അഴിമതി ആരോപണം; സഊദിയില്‍ രാജകുടുംബാംഗങ്ങളടക്കം ഉന്നതര്‍ അറസ്റ്റില്‍

സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവു പ്രകാരമാണ് അറസ്റ്റെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അറസ്റ്റ് വാര്‍ത്ത അല്‍ അറബിയ ചാനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഴിമതിയിലുള്‍പ്പെട്ട വ്യക്തികളുടെ അറസ്റ്റ് ചെയ്യാനും സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനും യാത്ര വിലക്കാനും സമിതിക്ക് അധികാരമുണ്ടെന്ന് അല്‍ അറബിയ അറിയിച്ചു. 2009ലെ ജിദ്ദ വെള്ളപ്പൊക്കം, കൊറോണ വൈറസ് ബാധ എന്നിവയെക്കുറിച്ച് അന്വേഷിക്കാനും അഴിമതി വിരുദ്ധ സമിതി ഉത്തരവിട്ടിട്ടുണ്ട്.

സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച രാജകല്‍പ്പനയിലൂടെയാണ് അഴിമതി വിരുദ്ധ സമിതി നിലവില്‍ വന്നത്. നാഷണല്‍ ഗാര്‍ഡ്, ആസൂത്രണ വകുപ്പ് മന്ത്രിമാരെ മാറ്റുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന മിത്അബ് ബിന്‍ അബ്ദുല്ല, പ്ലാനിങ് മന്ത്രി ആദില്‍ ഫഖീഹ് എന്നിവരെയാണ് മാറ്റിയത്. പകരം നാഷണല്‍ ഗാര്‍ഡ് മന്ത്രിയായി അമീര്‍ ഖാലിദ് ബിന്‍ അയ്യാഫിനെയും പ്ലാനിങ് മന്ത്രിയായി മുഹമ്മദ് അത്തുവൈജിരിയേയും നിയമിച്ചിട്ടുണ്ട്. നാവികസേനാ മേധാവി അബ്ദുല്ല സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകനാണ് മിത്അബ്.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതിനുശേഷം വലിയ സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കാണ് സഊദി തുടക്കംകുറിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നകാനുള്ള തീരുമാനവും ആരാംകോ എണ്ണക്കമ്പനിയുടെ ഓഹരി വില്‍പ്പനയും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എണ്ണ ഇതര വിഭവങ്ങളില്‍നിന്ന് വരുമാനം കണ്ടെത്താനുള്ള വന്‍ സാമ്പത്തിക പരിഷ്‌കരണ പദ്ധതിക്കാണ് മുഹമ്മദ് ബിന്‍ സല്‍മാനു കീഴില്‍ സഊദി തുടക്കം കുറിച്ചിരിക്കുന്നത്.

chandrika: