X

ഖത്തര്‍ ഉപരോധം അവസാനിക്കുന്നു; സൂചന നല്‍കി സൗദിയും ഒമാനും കുവൈത്തും

റിയാദ്: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിക്കുന്നു. കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാകുന്നത് എന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദിയും ഒമാനും രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഖത്തറും പ്രതികരിച്ചു. 2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

കുവൈത്തിന്റെ പ്രസ്താവന

‘ഫലപ്രദമായ ചര്‍ച്ചകള്‍ ഈയിടെയായി നടന്നു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ്, അറബ് ഐക്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടി എല്ലാവരും അവരുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നീണ്ടു നില്‍ക്കുന്ന ഐക്യം യാഥാര്‍ത്ഥ്യമാകുന്നതിന് ഒരു അന്തിമ കരാറില്‍ എത്താനും എല്ലാവരും സന്നദ്ധമാണ്’ – എന്നാണ് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍സബ കുവൈത്ത് ടെലിവിഷനോട് പറഞ്ഞത്.

വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവ് ജറദ് കുഷ്‌നര്‍ ചര്‍ച്ചകളില്‍ നടത്തിയ ഇടപെടലുകളും മന്ത്രി എടുത്തു പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കുഷ്‌നര്‍ ബുധനാഴ്ച ദോഹയിലും റിയാദിലുമെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

സ്വാഗതം ചെയ്ത് സൗദിയും ഒമാനും

അകലം കുറയ്ക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ് എന്ന് സൗദിയും ഒമാനും പ്രതികരിച്ചു. അമേരിക്കന്‍ ഇടപെടലിനെയും അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി.

‘ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അകലം കുറയ്ക്കാന്‍ സഹോദര രാഷ്ട്രമായ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. വിഷയത്തില്‍ അമേരിക്കന്‍ ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നു. മേഖലയിലെ നന്മയ്ക്കും നേട്ടത്തിനും ഇത് വിജയകരമാകുന്നത് ഞങ്ങള്‍ നോക്കിക്കാണുന്നു’ –

മന്ത്രിയുടെ ട്വീറ്റ്

ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

കുവൈത്ത് പുറത്തിറക്കിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

‘കുവൈത്ത് അമീറിന്റെയും വിദേശകാര്യമന്ത്രിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിഹാര ശ്രമങ്ങളുമായി ബന്ധപ്പെട്ട കുവൈത്തിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. പ്രസ്താവന അറബ് ഐക്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സന്നദ്ധതയെ പ്രതിഫലിപ്പിക്കുന്നു’ – ഒമാന്‍ വ്യക്തമാക്കി.

ഖത്തറിന്റെ പ്രതികരണം

ജിസിസി പ്രതിസന്ധി പരിഹരിക്കാന്‍ അതിന്റെ തുടക്കം മുതല്‍ തന്നെ ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിരുന്നതായി വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി പറഞ്ഞു.

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി

‘ അന്തരിച്ച കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹും കുവൈത്ത് അമീര്‍ ശൈഖ് നവാഫും ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നിരുന്നു. യുഎസ് ഭരണകൂടവും പ്രസിഡണ്ട് ട്രംപും ഇതിനെ പിന്തുണച്ചിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായി എങ്കിലും സംഭാഷണം നിലയ്ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഫലപ്രദമായ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജിസിസിയെ ഐക്യം മേഖലയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറെ പ്രധാനമാണ്. മേഖലയിലെ ജനതയ്ക്കും. പരസ്പര ബഹുമാനത്തോടു കൂടെ പ്രശ്‌നം പരിഹൃതമാകേണ്ടതുണ്ട്’ – ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Test User: