റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208 പേരെ അറസ്റ്റ് ചെയ്തതായും ഇക്കൂട്ടത്തില്‍ ഏഴ് പേരെ പിന്നീട് വിട്ടയച്ചതായും അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍മുഅജബ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അഴിമതി വിരുദ്ധ കാമ്പയിനില്‍ ആര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
മന്ത്രിമാരും രാജകുമാരന്മാരും വന്‍കിട വ്യവസായികളും അടക്കം 200 ലേറെ പേര്‍ അഴിമതി കേസുകളില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും തുടര്‍ നടപടികളിലും ഒരാള്‍ക്കും പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് വിദേശ മന്ത്രി വ്യക്തമാക്കിയത്. ഭീകരതയും തീവ്രവാദവും സഊദി അറേബ്യ പൊറുക്കാത്തത് പോലെ അഴിമതിയും ഒരിക്കലും പൊറുക്കില്ല. അഴിമതി തുടച്ചുനീക്കുന്നതിന് ഇപ്പോള്‍ ആരംഭിച്ച നടപടികള്‍ സഊദി അറേബ്യയെ കുറിച്ച വിദേശ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കും. പൊതുമുതല്‍ കവര്‍ന്നവരോട് രാജ്യം കണക്ക് ചോദിക്കും. പൊതുഖജനാവില്‍ നിന്ന് ഭീമമായ പണം കവര്‍ന്നത് ജനോപകാരപ്രദമായ പദ്ധതികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശേഷി ഇല്ലാതാക്കി. വ്യാപകമായ മാറ്റങ്ങളാണ് രണ്ട് വര്‍ഷമായി രാജ്യത്ത് നടക്കുന്നതെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. അഴിമതികളിലൂടെ ചുരുങ്ങിയത് പതിനായിരം കോടി ഡോളര്‍ (37,500 കോടി റിയാല്‍) നഷ്ടം പൊതുഖജനാവിന് നേരിട്ടതായാണ് കണക്കാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അഴിമതി കേസുകളില്‍ സഊദിയില്‍ അറസ്റ്റിലായവരുടെ അക്കൗണ്ടുകളെ കുറിച്ച വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് കുവൈത്തിലെ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് കുവൈത്തിലെ ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ല. സമാന നടപടികള്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കും സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ 19 സഊദി പൗരന്മാര്‍ക്ക് യു.എ.ഇ ബാങ്കുകളിലുള്ള അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ശേഖരിക്കുന്നത്.