അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയിലെ ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഉടനെ ആരംഭിക്കുമെന്ന് അംബാസഡര്‍ ഡോ: ഔസാഫ് സയീദ്. കഴിഞ്ഞ ദിവസം സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമായി നടത്തിയ ചര്‍ച്ചയില്‍ യാത്ര പ്രതിസന്ധി പ്രധാന ചര്‍ച്ച വിഷയമായിരുന്നെന്നും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് കഴിയുന്നത്ര വേഗത്തില്‍ പുനരാരംഭിക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യം ആരോഗ്യമന്ത്രിയെ ബോധ്യപെടുത്തിയതായും സഊദി കോവിഡ് ജാഗ്രത സമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം വിവരങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അംബാസഡര്‍ പറഞ്ഞു.
കോവിഡ് മൂലം നാട്ടില്‍ കുടുങ്ങിയ ആയിരകണക്കിന് പ്രവാസികള്‍ വിമാന വിലക്ക് കാരണം തിരിച്ചെത്താന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. താത്കാലിക പരിഹാരമെന്നോണം ദുബായ് വഴി യാത്ര ചെയ്ത് പലരും എത്തുന്നുണ്ടെങ്കിലും സാമ്പത്തിക ചെലവ് ഏറിയതും രണ്ടാഴ്ച്ചയിലധികം അവിടെ താമസിക്കേണ്ടി വരുന്നതും ഏറെ ദുരിതമാണുണ്ടാക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം മന്ത്രിയുമായുള്ള വിര്‍ച്വല്‍ മീറ്റിംഗില്‍ വിശദമായി ബോധ്യപെടുത്തിയതായി അംബാസഡര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് പത്ത് മില്യന്‍ കോവിഡ് വാക്‌സിനുകളെത്തുമെന്ന് അംബാസഡര്‍ പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് സഊദി ആരോഗ്യ മന്ത്രാലയവുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ തീരുമാനമായിട്ടില്ലെന്നും പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചായിരിക്കും ഇക്കൊല്ലം ഹജ്ജിന് തീര്‍ത്ഥാടകരെ നിശ്ചയിക്കുകയെന്നും അംബാസഡര്‍ വ്യക്തമാക്കി.