റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും ആകാശമധ്യേ തകര്‍ത്തതായി സഊദി പ്രതിരോധ വിഭാഗം അവകാശപ്പെട്ടു.
റിയാദില്‍ അമേരിക്കന്‍ പ്രതിരോധ കവചം ഉപയോഗിച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് ഈജിപ്തുകാരനായ തൊഴിലാളി കൊല്ലപ്പെട്ടത്. റിയാദ് ലക്ഷ്യമിട്ട് മൂന്നും തെക്കന്‍ നഗരമായ ജിസാനിലേക്ക് രണ്ടും മിസൈലുകളെത്തി. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ ഖമീസ് മുശൈത്തും നജ്‌റാനും ലക്ഷ്യമാക്കി ഓരോ മിസൈലുകളും എത്തി. അബ്ഹ നഗരത്തിനുനേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
രാത്രി റിയാദ് നഗരത്തില്‍ വന്‍ സ്‌ഫോടന ശബ്ദവും ആകാശത്ത് തീനാളങ്ങളും കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ നാലിന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂഥികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. യമനില്‍ ഹൂഥി വിമതര്‍ക്കുനേരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് റിയാദില്‍ ഹൂഥികളുടെ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്.
സഊദിയുമായുള്ള ഏറ്റുമുട്ടലില്‍ ദീര്‍ഘദൂര ആയുധം ഉപയോഗിക്കുമെന്നും കൂടുതല്‍ പേരെ പോരാട്ടത്തിന് റിക്രൂട്ട് ചെയ്യുമെന്നും യമനിലെ ഹൂഥി വിമത നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂഥി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഊദി നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയത്. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാക്രമണത്തെ അപലപിച്ചു. യമന്‍ ആഭ്യന്തര യുദ്ധം മേഖലക്ക് മുഴുവന്‍ ഭീഷണിയായി പുതിയ തലങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് മിസൈലാക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സഊദിയും സഖ്യസേനയും യമനില്‍ ഇടപെട്ടത്. ഹൂഥികള്‍ക്ക് ഇറാന്റെ ഉറച്ച പിന്തുണയുണ്ട്. തങ്ങള്‍ക്കുനേരെ തൊടുത്തുവിട്ട മിസൈലുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് സഊദി ആരോപിക്കുന്നു.