അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . കോവിഡ് രൂക്ഷമായി ഇപ്പോഴും തുടരുന്ന രാജ്യങ്ങളൊഴികെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് താമസമില്ലാതെ പുനരാരംഭിച്ചേക്കുമെന്നാണ് പത്രങ്ങള്‍ നല്‍കുന്ന സൂചന.
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം ഉടനെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഒരു മാസം മുമ്പേ തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിമാന സര്‍വീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലുള്ളതിനാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്ക് വിലക്ക് തുടര്‍ന്നു. എന്നാല്‍ ഇപ്പോഴും കോവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ പ്രഖ്യാപനത്തില്‍ ഉള്‍പെടുമോ എന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍. കോവിഡ് ഭീഷണിയൊഴിഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുകയും ചെയ്താല്‍ പിന്നീട് പ്രവാസികള്‍ക്കുള്ള പ്രതീക്ഷ എയര്‍ ബബ്ള്‍ കരാറാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ചര്‍ച്ച നടത്തിയിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ യാത്രക്കാര്‍ക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു.
വിമാനങ്ങള്‍ മുടങ്ങിയത് മൂലം തിരുച്ചു വരാനാകാതെ നാട്ടില്‍ കുടങ്ങിയവര്‍ സന്തോഷ വാര്‍ത്തക്കായി കാതോര്‍ത്തിരുക്കുകയാണ്. ദുബായ് വഴി യാത്ര ചെയ്യാന്‍ അവസരമുണ്ടെങ്കിലും രണ്ടാഴ്ച അവിടെ തങ്ങിയ ശേഷം മാത്രമേ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുകയുള്ളുവെന്നതും യാത്രാ കൂലിയിലെ വര്‍ധനവും പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ നിബന്ധനകള്‍ സ്വീകരിച്ച് ദുബായ് വഴി സഊദിയിലെത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരിട്ട് സഊദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയെങ്കിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് അവര്‍ക്കുമുള്ളത്.
സഊദിയില്‍ നിന്ന് നാട്ടിലേക്ക് പോകേണ്ട പ്രവാസികള്‍ വന്ദേഭാരത് വിമാനങ്ങളെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെയും ആശ്രയിക്കുന്നുണ്ടെങ്കിലും തിരിച്ചു വരാന്‍ സാധിക്കാത്തതിനാല്‍ പലരും യാത്ര നീട്ടിവെക്കുകയാണ്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ച ശേഷം മാത്രമേ യാത്ര ചെയ്യൂവെന്ന നിലപാടിലാണ് കുടുംബങ്ങളടക്കുള്ള ഒട്ടേറെ പ്രവാസികള്‍.