X

സ്വതന്ത്രകര്‍ഷകസംഘം സത്യാഗ്രഹം നവംബര്‍ 15ന് പാലക്കാട്ട്

പാലക്കാട്: വിവിധ കാര്‍ഷികാവശ്യങ്ങളുന്നയിച്ച് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് പാലക്കാട്ട് ഏകദിന സത്യഗ്രഹം നടത്തും. രാവിലെ പത്തിന് സിവില്‍സ്റ്റേഷന് മുന്നില്‍ ആരംഭിക്കുന്ന സത്യഗ്രഹസമരത്തിന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നേതൃത്വം നല്‍കും. നെല്ലടക്കമുള്ള കാര്‍ഷികവിളകളുടെ വിലയിടിവ് തടയുക, കര്‍ഷകര്‍ക്ക് യഥാസമയം സംഭരണവില അനുവദിക്കുക, കാര്‍ഷികവിളകളുടെ താങ്ങുവില ഉയര്‍ത്തുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പാലക്കാട്ടടക്കമുള്ള നെല്‍കര്‍ഷകരുടെ നെല്ല് സംഭരിച്ച് ഏഴുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സംഭരണവില നല്‍കാതിരിക്കുന്നതിനെതിരെ വന്‍ ജനകീയപ്രക്ഷോഭമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. കൃഷി, സിവില്‍സപ്ലൈസ്, ധനകാര്യവകുപ്പുകള്‍ തമ്മില്‍ പരസ്പരം പോരാടി കര്‍ഷകരെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആരോപിച്ചു. യഥാസമയം സംഭരണവില നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും അതിന് കണക്ക് സമര്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും യോഗം വിമര്‍ശിച്ചു.

തേങ്ങ, കൊപ്ര സംഭരണം നടക്കാത്തതിനാല്‍ വിപണിവില കുത്തനെ ഇടിയുകയാണ്. റബ്ബറടക്കമുള്ള നാണ്യവിളകളുടെയും അവസ്ഥ ശോചനീയമാണ്. കര്‍ഷകര്‍ പട്ടിണിയിലും ആത്മഹത്യയുടെ മുനമ്പിലുമായിരിക്കെ പ്രത്യക്ഷസമരമല്ലാതെ മറ്റുമാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച താങ്ങുവിലപോലും സംസ്ഥാനസര്‍ക്കാര്‍ നല്‍കാത്തതിനാല്‍ കിലോക്ക് മൂന്നുരൂപയിലധികം നഷ്ടമാണ് നെല്‍കര്‍ഷകന് വന്നിരിക്കുന്നത്. കിട്ടിയവിലക്ക് നെല്ല് വിറ്റഴിക്കേണ്ട സ്ഥിതിയാണിപ്പോള്‍.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. പി.പി മുഹമ്മദ്കുട്ടി, ശ്യാംസുന്ദര്‍, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ഹാജി, സി.മുഹമ്മദ്കുഞ്ഞി, മണക്കാട് നജ്മുദ്ദീന്‍, സി.അബൂബക്കര്‍, പി.കെ അബ്ദുസലാം, പി.വീരാന്‍കുട്ടി, അഹമ്മദ് മാണിയൂര്‍, ടി.വി അസൈനാര്‍ മാസ്റ്റര്‍, നസീര്‍ വളയം, കെ.ടി.എ ലത്തീഫ്, കെ.പി ജലീല്‍, ലുഖ്മാന്‍ അരീക്കോട്, എം.പി.എ റഹീം, പി.കെ അബ്ദുറഹ്്മാന്‍, എ.സി അബ്ദുല്ല, അഡ്വ.ടി.പി ആരിഫ്, കായിക്കര ഷാഹുല്‍ഹമീദ്, ഹബീബ് മുഹമ്മദ്, മുഹമ്മദ് ഇരുമ്പുപാലം, എ.ഹൈദ്രോസ് ഹാജി, എം.മാഹിന്‍ അബൂബക്കര്‍ സംബന്ധിച്ചു.

webdesk11: