തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലകുനിച്ച് സി.പി.എം. ജനം തള്ളിക്കളഞ്ഞതെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ആവര്‍ത്തിച്ചുപറഞ്ഞ സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും തീവ്രമായ ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്നത്. മറന്നുവെച്ച പെട്ടിയും ബിരിയാണി ചെമ്പും പോലുള്ള വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായി പോലും സി.പി.എമ്മിന് തിരിച്ചടിയാകും. പ്രതിയായ ഒരാള്‍ പറയുന്നത് വിശ്വസിക്കരുതെന്ന തത്വം പറയുന്ന മുഖ്യമന്ത്രി ഇതേ കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ കണ്ണടച്ച് വിശ്വസിക്കുന്നത് ദുരൂഹമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്തേക്ക് കറന്‍സി കടത്തിയെന്ന സ്വപ്‌നയുടെ ആരോപണത്തിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ വിവാദങ്ങള്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. തൃക്കാക്കരയിലെ തോല്‍വിയുടെ പരാജയത്തില്‍ ക്ഷീണിച്ച സി.പി.എമ്മിനു മറ്റൊരു തിരിച്ചടികൂടിയായി ഈ വെളിപ്പെടുത്തല്‍.
സര്‍ക്കാരിനു നേരെ സ്വപ്‌ന നേരത്തെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ഭാഷയിലുള്ള വെളിപ്പെടുത്തല്‍ ഇതാദ്യമാണ്. മുഖ്യമന്ത്രിയുമായും കുടുംബവുമായുമുള്ള ബന്ധം കോടതിയെ രഹസ്യമൊഴിയിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റായിരിക്കും സ്വപ്‌നയുടെ മൊഴി പരിശോധിച്ച് തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്താം. കോവിഡ് മറയാക്കിയും കിറ്റ് രാഷ്ട്രീയത്തിലും മുങ്ങിപ്പോയ സ്വര്‍ണക്കടത്ത് കേസിനാണ് ഇപ്പോള്‍ ജീവന്‍വെക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോളര്‍ കടത്തില്‍ ഉന്നതര്‍ക്കുള്ള പങ്കിനെ കുറിച്ച് സ്വപ്‌ന സുരേഷ് ഇ.ഡിക്കും കസ്റ്റംസിനും രഹസ്യമൊഴി നല്‍കിയിരുന്നു. ബിരിയാണി പാത്രത്തെ കുറിച്ചുള്ള വിവരം പക്ഷേ പുറത്തുവന്നിരുന്നില്ല. ആര്‍ക്കൊക്കെ എങ്ങിനെ പങ്ക് എന്നതില്‍ പലതരത്തിലുള്ള സംശയങ്ങളാണുയര്‍ന്നത്. ഉന്നതര്‍ക്കെതിരെ മൊഴി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും സ്വപ്‌നക്കും സന്ദീപിനും സരിത്തിനും അപ്പുറത്തേക്ക് കേസ് അന്വേഷണം നീങ്ങിയില്ല. ഇ.ഡി കേസില്‍ കുറ്റപത്രവും നല്‍കിക്കഴിഞ്ഞു. എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്താണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെയും തള്ളിയാണ് ജനം ഭരണത്തുടര്‍ച്ച നല്‍കിയതെന്നാണ് എല്ലായ്‌പ്പോഴും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളോടെ വിവാദം വീണ്ടും പിണറായിയെ വലംവെക്കുന്ന സ്ഥിതിയായി