തിരുവനന്തപുരം: സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നത്(ആശ്രിത നിയമനം) നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. ജീവനക്കാര്‍ മരിച്ചാല്‍ ആശ്രിത നിയമനം ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ആലോചന. നാലാം ശനിയാഴ്ച ജീവനക്കാര്‍ക്ക് അവധി ദിവസമാക്കുന്നതും പരിഗണനയിലുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്. അതത് വകുപ്പുകളില്‍ ഒഴിവു വരുന്ന തസ്തികകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവൂ എന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെയാണ് ബദല്‍ നിര്‍ദേശങ്ങള്‍ സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വയ്ക്കുന്നത്. സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്‍കി ഈ അവസരം പി.എസ്.സിക്ക് വിടാനാണ് ആലോചന.