X

കുരങ്ങന്‍ മനുഷ്യനാകുന്നത് കണ്ടതായി ആരും ഇതുവരെ പറഞ്ഞിട്ടില്ല; ഡാര്‍വിന്‍ സിദ്ധാന്തം തെറ്റെന്ന് കേന്ദ്രമന്ത്രി

 

കുരങ്ങ് മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലാത്തതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാനാവില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് രംഗത്ത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. അതിനാല്‍ കോളേജ് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റമുണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ നടന്ന ആള്‍ ഇന്ത്യ വൈദിക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലെയും കോളേജുകളിലെയും ഇതുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് പ്രത്യക്ഷപ്പെട്ടത്’, ഔറംഗബാദില്‍ മാധ്യമപ്രവര്‍ത്തകരോട് തന്റെ അഭിപ്രായത്തെ ന്യായീകരിച്ച് അദ്ദേഹം തുടര്‍ന്നു.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായ സത്യപാല്‍ സിങ് മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയാണ്. നമ്മുടെ പൂര്‍വ്വികരില്‍ ഒരാളും തന്നെ വാമൊഴിയാലോ വരമൊഴിയാലോ കുരങ്ങന്‍ മനുഷ്യനായിമാറുന്നത് കണ്ടെന്ന് പറഞ്ഞിട്ടില്ല. പൂര്‍വ്വിക ഗാഥകള്‍ പറയുന്ന ഒരു പുസ്തകവും അത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ അകപ്പെടുന്നവ ദീര്‍ഘകാലം കൊണ്ട് അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഈ സിദ്ധാന്തം അനുസരിച്ച് ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്മജീവരൂപങ്ങളിലെത്തും. സൂക്ഷ്മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

chandrika: