കല്‍പ്പറ്റ: ഈ തിരഞ്ഞെടുപ്പില്‍ പ്രളയത്തിലുള്ള സര്‍ക്കാരിന്റെ പങ്ക് കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുമെന്നും, ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ പേരിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. വയനാട് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ്പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം സൃഷ്ടിച്ചതാണെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല. വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ട് ദുരന്തമുണ്ടാക്കിയത് സര്‍ക്കാരാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാത്ത സര്‍ക്കാര്‍ ചെന്നൈ ഐ ഐ ടി, വേള്‍ഡ് ബാങ്ക്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകളെ പറ്റിയാണ് പറയുന്നത്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴ ശക്തമായത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ചെന്നൈ ഐ ഐ ടിയുടെ പേരില്‍ ഇത്തരമൊരു റിപ്പോര്‍ട്ടില്ല.
ലോകബാങ്കും ഇത്തരത്തില്‍ ഒരു പഠനം നടത്തിയിട്ടില്ല. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനാണെങ്കില്‍ പ്രളയത്തില്‍ കൂട്ടുത്തരവാദിയാണ്. കൂട്ടുപ്രതിയുടെ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് മുഖ്യമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് അച്ചന്‍കോവില്‍ ആറടക്കം ഡാമില്ലാത്ത രണ്ട് മൂന്ന് നദികളുടെ പേര് പറഞ്ഞാണ് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിലെ എല്ലാ നദികളും ഡാമുള്ള നദികളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മഴ ശക്തമായ സാഹചര്യത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കൃത്യമായ നടപടി സ്വീകരിക്കണമായിരുന്നു. മഴ ശക്തമായ ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിതമായ രീതിയില്‍ വെള്ളം തുറന്നുവിടണമായിരുന്നു. നാല് കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് തുറക്കാതിരുന്ന ഇടുക്കി ഡാമടക്കം പിന്നീട് തുറന്നപ്പോള്‍ നാല്‍പതിനായിരം കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സതീശന്‍ പറഞ്ഞു.
മസാലബോണ്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായത്. കൊച്ചിന്‍ മെട്രോയ്ക്കായി എ എഫ് ഡിയുടെ പക്കല്‍ നിന്നും 1.3 ശതമാനം പലിശക്കായിരുന്നു പണം വാങ്ങിയത്. ജലപാതയുടെ കാര്യത്തിലാണെങ്കില്‍ കെ എഫ് ഡബ്ല്യുവില്‍ നിന്നും 1.55 ശതമാനം പലിക്കാണ് പണം വാങ്ങിയത്. എന്നാല്‍ ലാവ്ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി ഡി പി ക്യുവില്‍ നിന്നും 9.78 ശതമാനം പലിശക്കാണ് ഇപ്പോള്‍ പണം വാങ്ങിയിരിക്കുന്നത്. നാമമാത്രമായ പലിശക്ക് പണം ലഭിക്കുമെന്നിരിക്കെയാണ് ഇത്തരത്തില്‍ കൊള്ളപ്പലിശക്ക് പണം വാങ്ങിയിരിക്കുന്നത് സംശയാധീതമാണ്. ലോകത്ത് എത്രയോ കമ്പനികളുണ്ടെന്നിരിക്കെ എസ് എന്‍ സി ലാവ്ലിന്‍ കമ്പനിയുമായി ബന്ധമുള്ളവരില്‍ നിന്നും പണം വാങ്ങിയതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
വിവാദകമ്പനിയുമായി എന്തിന് ബന്ധപ്പെട്ടുവെന്ന കാര്യം പുറത്തുവരണം. കിഫ്ബി വരുമാനമുണ്ടാക്കുന്ന ഒരു സംവിധാനമല്ല. അതുകൊണ്ട് തന്നെ കിഫ്ബിക്ക് റേറ്റിംഗ് ഇല്ല. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്വകാര്യമാണെന്ന രീതിയില്‍ തന്നെയാണ് വിഷയത്തില്‍ ഇടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.