X

‘ജയലളിത നേരത്തെ മരിച്ചിരുന്നു’; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ വി.ദിവാകരന്‍. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന്‍ പറയുന്നത്.

തിരുവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്ന് മണിക്ക് അന്തരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. എന്നാല്‍ 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍.

ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍ തന്നെ ജയലളിത മരിച്ചുവെന്നാണ് ദിവാകരന്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്കറിവില്ലെന്ന് ടിടിവി ദിനകരന്‍ എംഎല്‍എ പ്രതികരിച്ചു.

അതേസമയം, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആസ്പത്രി വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. എല്ലാ മെഡിക്കല്‍ ചട്ടങ്ങളും പാലിച്ചാണ് ജയലളിതയുടെ മരണം സ്ഥിരീകരിച്ചതെന്നും ആസ്പത്രി അധികൃതര്‍ പറഞ്ഞു.

chandrika: