X

തമിഴ്‌നാട്ടില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍;ശശികലയെ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ജയലളിതയുടെ തോഴി ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭരണപരമായ വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ശശികലയ്‌ക്കെതിരായി ഉയര്‍ന്നു വന്ന വികാരവും യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് സൂചന. പാര്‍ട്ടിയിലോ സര്‍ക്കാറിലോ യാതൊരു സ്ഥാനവും നിലവില്‍ ശശികലയ്ക്കില്ല.

എന്നാല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിഴലായ് കൂടെ നടന്ന് എല്ലാ മേഖലകളിലും വ്യക്തമായ സ്വാധീനം ശശികല നേടിയെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ശശികലയുമായുള്ള പനീര്‍ ശെല്‍വത്തിന്റെയും മന്ത്രിമാരുടേയും കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമുണ്ട്. അതേ സമയം ശശികല പോയസ് ഗാര്‍ഡന്റെ നട്ടെല്ലാണെന്ന് അണ്ണാഡി. എം. കെ വക്താവ് ഡോ. വി മൈത്രേയന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പിന്തുണ ശശികലയ്ക്കുണ്ടെന്നു പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞു രംഗത്തു വന്നതോടെ ശശികല ഭരണത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ജയലളിത മരിച്ച മണിക്കൂറുകള്‍ക്കകം സ്വസമുദായാംഗമായ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം നല്‍കിയതും ശശികലയാണ്. നിലവില്‍ 100 എം. എല്‍.എമാര്‍ ശശികലയെ അനുകൂലിക്കുന്നുണ്ടെന്നാണ് വിവരം. ജയയുടെ ഭൗതിക ശരീരത്തിനു സമീപം പൂര്‍ണ സമയവും നില്‍ക്കാന്‍ ശശികല ശ്രദ്ധിച്ചിരുന്നു.

ജയയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്തതും ശശികലയായിരുന്നു. അതേ സമയം ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്ത് മരിച്ച 77 പേര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം നല്‍കാന്‍ അണ്ണാഡി.എം.കെ തീരുമാനിച്ചിട്ടുണ്ട്‌

chandrika: