ചെന്നൈ: പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാറില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയായ ശശികല ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല താക്കീത് നല്‍കിയത്. സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച പങ്കെടുത്തതായാണ് വിവരം. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയുടെ നേതൃത്വപദവിയിലേക്ക് ശശികല എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബന്ധുക്കള്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കിയത്. കുടുംബാംഗങ്ങള്‍ക്ക് താക്കീത് നല്‍കിയതിനൊപ്പം മന്ത്രിമാരോടും പ്രവര്‍ത്തകരോടും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കരുതെന്ന നിര്‍ദേശവും ശശികല നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ശശികലയും ബന്ധുക്കളും നിലവില്‍ പോയസ് ഗാര്‍ഡനിലാണുള്ളത്. ബന്ധുക്കള്‍ പോയശേഷം ശശികലയുടെ സഹോദരഭാര്യ ഇളവരശി പോയസ് ഗാര്‍ഡനില്‍ തുടരുമെന്നാണ് സൂചന. അതേസമയം ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയിലും സര്‍ക്കാറിലും പിടിമുറുക്കിയ ശശികലക്കെതിരെ അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.